മോദി, അമിത് ഷാ, നഡ്ഡ, ബിപ്ലബ്, യോഗി; താമര വിരിയിക്കാൻ താരപ്പടയുമായി ബിജെപി
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി അഖിലേന്ത്യ നേതാക്കളും മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തുന്നു. ആദ്യഘട്ടത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം കോവളം, അരുവിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകളും ഉദ്ഘാടനം ചെയ്യും.
രാവിലെ 10.45ന് എത്തുന്ന അദ്ദേഹം 11.20ന് മാധ്യമങ്ങളെ കാണും. 3ന് കോവളം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം. 4ന് കാട്ടാക്കടയിലെ ബിജെപി സ്ഥാനാർഥി പി.കെ.കൃഷ്ണദാസിന്റെ കണ്‍വെന്‍ഷന്‍ മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം. 6.30ന് വട്ടിയൂര്‍ക്കാവ് സ്ഥാനാർഥി വി.വി.രാജേഷിന്റെ കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 7.20ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം രാത്രി മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, താരപ്രചാരകരായ ഖുശ്ബു, വിജയശാന്തി എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും. പ്രധാനമന്ത്രി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെയും അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളിലും ജെ.പി.നഡ്ഡ മാര്‍ച്ച് 27, 31 തീയതികളിലും രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രില്‍ 4 തീയതികളിലും പ്രചാരണത്തിനായെത്തും.
English Summary: Star campaigners will arrive in Kerala for NDA