കൊടുങ്ങല്ലൂർ, ഉടുമ്പൻചോല തിരിച്ചെടുത്ത് ബിജെപി; നാടകീയ നീക്കം: ഞെട്ടി ബിഡിജെഎസ്
Mail This Article
ആലപ്പുഴ ∙ ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി. ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച കൊടുങ്ങല്ലൂർ, ഉടുമ്പൻചോല മണ്ഡലങ്ങളാണ് തിരിച്ചെടുത്ത് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂരിൽ സന്തോഷ് ചിറക്കുളവും ഉടുമ്പൻചോലയിൽ രമ്യ രവീന്ദ്രനും ആണ് ബിജെപി സ്ഥാനാർഥികൾ.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ട്രഷറർ സന്തോഷ് മാധവനെ ഉടുമ്പൻചോലയിലും ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെയും ബിഡിജെഎസ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബിജെപി സ്ഥാനാർഥികളെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോഴാണ് മാറ്റത്തെപ്പറ്റി ബിഡിജെഎസ് നേതാക്കൾ പോലും അറിഞ്ഞത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തോട് തുഷാർ വെള്ളാപ്പള്ളി അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
എന്നാൽ, കൊടുങ്ങല്ലൂർ സീറ്റിൽ സ്ഥാനാർഥിയെ താൻ പ്രഖ്യാപിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി ‘മനോരമ’യോടു പറഞ്ഞു. ഇതിനു പിന്നാലെ ഉണ്ണികൃഷ്ണൻ പിന്മാറി. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ കൊടുങ്ങല്ലൂർ സീറ്റ് നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. തുഷാർ മത്സരിക്കുന്നില്ലെന്ന് ഉറപ്പിച്ചതോടെയാണ് ബിജെപി സീറ്റ് തിരിച്ചെടുത്തതെന്നാണു സൂചന.
ബിഡിജെഎസ് ആവശ്യപ്പെട്ട വടകര മണ്ഡലത്തിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇനി കോതമംഗലം, കുട്ടനാട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ട പട്ടികയിൽ ബാക്കിയുള്ളത്. കുട്ടനാട്ടിൽ എൽഡിഎഫിലെ പ്രമുഖ നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബിഡിജെഎസ് എന്നാണു സൂചന. നേരത്തെ ചേർത്തല സീറ്റിൽ സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാർഥിയാക്കി ബിഡിജെഎസ് എൽഡിഎഫിനെ ഞെട്ടിച്ചിരുന്നു.
2016 ൽ സ്വതന്ത്ര സ്ഥാനാർഥിയുൾപ്പെടെ 38 സീറ്റ് ലഭിച്ച ബിഡിജെഎസ് ഇത്തവണ 32 സീറ്റാണ് ആവശ്യപ്പെട്ടത്. ബിജെപി 115 സീറ്റിൽ മത്സരിക്കുമ്പോൾ 21 സീറ്റുകളാണു ബിഡിജെഎസിനുള്ളത്. അണ്ണാ ഡിഎംകെയ്ക്ക് രണ്ടു സീറ്റും കാമരാജ് കോൺഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നിവയ്ക്ക് ഓരോ സീറ്റും നൽകി. കാമരാജ് കോൺഗ്രസും അണ്ണാ ഡിഎംകെയും ബിജെപി ചിഹ്നത്തിലാകും മത്സരിക്കുക.
English Summary: Kodungallur, Udumbanchola seats taken from BDJS by BJP