ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ്; ബിഡിജെഎസ് പിൻവാങ്ങി
Mail This Article
കോട്ടയം ∙ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. നഗരത്തിൽ പ്രകടനം നടത്തി. ബിഡിജെഎസ് സ്ഥാനാർഥി മത്സര രംഗത്തുനിന്നു പിന്മാറി. സ്ഥാനാർഥി പട്ടികയിൽ കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും പരിഗണന നൽകിയതു പോലെ മഹിള കോൺഗ്രസിനും പരിഗണന നൽകേണ്ടതായിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു.
ആ പരിഗണന ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ, ജോസഫ് ഗ്രൂപ്പ് നിർബന്ധമായും ഈ സീറ്റ് വാങ്ങിക്കുമെന്ന് പറഞ്ഞതിനപ്പുറം മറ്റൊരു മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു നേതാവും പറഞ്ഞില്ല-ഏറ്റുമാനൂരിൽ തന്നെ പിന്തുണയ്ക്കുന്നവരോടായി ലതിക വ്യക്തമാക്കി.
‘എന്റെ വിശ്വാസം വർധിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പ്രിയപ്പെട്ട നേതാക്കൾ പോകുമ്പോഴും ഏറ്റൂമാനൂർ സീറ്റിന്റെ കാര്യം വീണ്ടും ആവർത്തിച്ചു. ജോസഫ് ഗ്രൂപ്പ് നിർബന്ധം പിടിക്കുകയാണു നോക്കട്ടെ എന്നായിരുന്നു മറുപടി. ഏറ്റുമാനൂരിൽ കൈ അടയാളത്തിൽ നിയമസഭയിലേക്കു മത്സരിക്കുവാൻ പരിണിതപ്രജ്ഞരായ ഒരുപാടു നേതാക്കൾ നിയോജക മണ്ഡലത്തിലുണ്ട്.
പക്ഷേ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് മുറുക്കി പിടിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ കേരള കോൺഗ്രസിനേക്കാൾ നിർബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ് മത്സരരംഗത്തിറങ്ങിയ പലരും എന്നോട് പറഞ്ഞത്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത് വരുന്നതുവരെ ഞാൻ പ്രതീക്ഷ വച്ചിരുന്നു.
ഒരു വനിത എന്ന എന്റെ പരിമിതി ഒരിക്കൽപോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് ഒഴിവാകാൻ കാരണമാക്കിയിട്ടില്ല. കോൺഗ്രസിന്റെ പുരുഷ നേതാക്കൾ ചെയ്യുന്നതുപോലെ പൊതു തിരഞ്ഞെടുപ്പ് ആണെങ്കിലും ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും ഒരു മണ്ഡലത്തിന്റെ ചാർജ് എടുത്തു തന്നെ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.’– ലതിക പറഞ്ഞു.
English Summary: Lathika Subhash reaction after candidate list