‘ഈ പോരാട്ടം ജയിക്കാന്‍ വേണ്ടി മാത്രം’; നേമത്ത് മുരളീധരന് ഗംഭീര സ്വീകരണം
Mail This Article
തിരുവനന്തപുരം ∙ നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന് തലസ്ഥാനത്ത് ഗംഭീര സ്വീകരണം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുരളീധരനെ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ നേതൃത്വത്തിൽ മറ്റു നേതാക്കളും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
നൂറുകണക്കിനു പ്രവര്‍ത്തകർ മുരളിയെ സ്വീകരിക്കാനെത്തി. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ തുറന്ന വാഹനത്തില്‍ എത്തിയ മുരളീധരനു വന്‍ വരവേൽപാണു ലഭിച്ചത്. ഈ ആവേശം വോട്ടായി മാറുമെന്ന് മുരളീധരന്‍ പറഞ്ഞു.
നേമത്ത് ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ് തന്റെ സ്ഥാനാര്‍ഥിത്വം. ബിജെപിയെ നേരിടാന്‍ സജ്ജമാണ്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജഗതി പാലത്തിന് സമീപത്തുനിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. മണ്ഡലത്തിലെ ജഗതി, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം എട്ടുമണിയോടെ കരമനയില്‍ സമാപിച്ചു.
English Summary: K Muraleedharan Starts Campaign at Nemom