കഴക്കൂട്ടത്ത് ബിജെപിയുടെ തേരാളി ശോഭ സുരേന്ദ്രൻ; ഇടപെട്ടത് കേന്ദ്ര നേതൃത്വം
Mail This Article
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാകും. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണെന്നു കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭ മനോരമ ന്യൂസിനോടു പറഞ്ഞു. വ്യാഴാഴ്ച ശോഭ മണ്ഡലത്തിൽ എത്തിയേക്കും. മറ്റിടങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ കഴക്കൂട്ടം ഒഴിച്ചിട്ടിരുന്നു. ശോഭയുടെ സ്ഥാനാര്‍ഥിത്വത്തെ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നെന്നാണു റിപ്പോർട്ട്. കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലോടെയാണ് അന്തിമ തീരുമാനമുണ്ടായത്.
അതേസമയം, കഴക്കൂട്ടത്തു കേന്ദ്ര നേതൃത്വം നിർദേശിച്ച ശോഭയെ വെട്ടാൻ സംസ്ഥാനനേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ നിർബന്ധിച്ചെങ്കിലും ഒഴിഞ്ഞു മാറിയതോടെ വീണ്ടും കോൺഗ്രസ് നേതാക്കളെ വലയിലാക്കാൻ ശ്രമം തുടങ്ങിയെന്നാണ് ആരോപണം. യാതൊരു കാരണവശാലും ശോഭയ്ക്കു കഴക്കൂട്ടം നൽകില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണു സ്ഥാനാർഥി പ്രഖ്യാപനം നീളാൻ കാരണം.
ആർഎസ്എസ് നേതൃത്വവും ശോഭയ്ക്കാണു വിജയ സാധ്യതയെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു സംഘടനയ്ക്കകത്ത് ആഭ്യന്തര പ്രശ്നം രൂക്ഷമായി. വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി ഒതുക്കാമെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റേതെന്നാണു ശോഭ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനെ വിളിച്ചു ശാസിച്ചതോടെയാണ് കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലേക്കു മാറിയതെന്നും ശോഭ പക്ഷത്തെ നേതാക്കൾ പറഞ്ഞു.
English Summary: Shobah Surendran will contest in Kazhakkoottam as BJP candidate