‘ബാലശങ്കറിന് സംസ്ഥാന രാഷ്ട്രീയത്തിൽ റോളില്ല; സ്ഥാനാർഥിയെ തീരുമാനിച്ചത് കേന്ദ്രം’
Mail This Article
തിരുവനന്തപുരം∙ ചെങ്ങന്നൂരിൽ സിപിഎം – ബിജെപി ഡീലെന്ന ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി ബിജെപി. ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരികപ്രകടനം മാത്രമാണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ബാലശങ്കറിന് ഒരു റോളുമില്ല. അദ്ദേഹം പ്രതിക്കൂട്ടിലാക്കിയത് പ്രധാനമന്ത്രിയെയും ബിജെപി നേതൃത്വത്തെയുമാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ആര്‍. ബാലശങ്കറിന്‍റെ സിപിഎം – ബിജെപി ഡീല്‍ ആരോപണം ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും തള്ളി. കോന്നി, ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഒന്നാം സ്ഥാനത്തു വരാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം. ബാലശങ്കറിന്‍റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്നും സജി ചെറിയാന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
ചെങ്ങന്നൂരിൽ വിജയസാധ്യതയുണ്ടായിരുന്ന തന്നെ സ്ഥാനാർഥിപട്ടികയിൽനിന്ന് ഒഴിവാക്കിയത് സിപിഎം – ബിജെപി ഡീൽ അല്ലെങ്കിൽ മറ്റെന്താണെന്നാണ് ബാലശങ്കർ ചോദിച്ചത്. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ എന്നു പാർട്ടി നേതൃത്വം പറയുകയും ഇത്രയും വിജയസാധ്യതയുള്ള എന്നെ ഒഴിവാക്കുകയും ചെയ്തതെന്തിന്? ചെങ്ങന്നൂർ സാഹചര്യങ്ങൾക്കൊത്തു മാറിമറിയുന്ന മണ്ഡലമാണെന്നും ബാലശങ്കർ പറഞ്ഞിരുന്നു.
English Summary: BJP rejects allegation of R Balashankar