കമല്‍നാഥിന്റെ പിന്തുണ, ഗോഡ്സെ 'ഭക്തന്' കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ കടുത്ത പോര്
Mail This Article
ഭോപ്പാല്‍ ∙ ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ ആരാധകനായിരുന്ന ബാബുലാല്‍ ചൗരസ്യയ്ക്ക് കോണ്‍ഗ്രസ് അംഗത്വം നൽകിയതിന്റെ പേരിൽ മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായഭിന്നത. ഭൂരിഭാഗം നേതാക്കളും തീരുമാനത്തിന് എതിരാണെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ പൂര്‍ണ പിന്തുണയാണ് ചൗരസ്യക്ക് തുണയാകുന്നത്.
ഗ്വാളിയറില്‍നിന്നുള്ള ഹിന്ദുമഹാസഭ കൗണ്‍സിലറായ ചൗരസ്യ കഴിഞ്ഞ മാസമാണ് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനെതിരെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധിയോടു മാപ്പിരക്കുന്നുവെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്, മുന്‍ എംപി മീനാക്ഷി നടരാജന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമല്‍നാഥിന്റെ തീരുമാനത്തിൽ എതിർപ്പറിയിക്കുകയും കോണ്‍ഗ്രസിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കു വിരുദ്ധമാണ് നടപടിയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
കമല്‍നാഥിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മുതിര്‍ന്ന നേതാവ് മാനങ്ക് അഗര്‍വാളിനെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതോടെ ചൗരസ്യയെ ചൊല്ലി മധ്യപ്രദേശ് കോണ്‍ഗ്രസിൽ ചേരിപ്പോര് രൂക്ഷമായി. ദിഗ്‌വിജയ് സിങ്ങിനെതിരെ ഉള്‍പ്പെടെ നടപടിയെടുക്കാന്‍ നേതൃത്വം മടിക്കില്ലെന്ന സൂചനയാണ് മാനങ്കിന്റെ പുറത്താക്കലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.
കോണ്‍ഗ്രസ് അംഗമായിരുന്ന ചൗരസ്യ ഏഴു വര്‍ഷം മുമ്പാണ് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. ഗോഡ്‌സെയുടെ അവസാനത്തെ കോടതി പ്രസ്താവന ഒരു ലക്ഷം പേര്‍ക്ക് വിതരണം ചെയ്യാനുള്ള ദൗത്യസംഘത്തിലുണ്ടായിരുന്ന ചൗരസ്യയെ ബൊക്കെ നല്‍കിയ കമല്‍നാഥ് സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം എന്ന കുറിപ്പുമുണ്ടായിരുന്നു.
ഗോഡ്‌സെയുടെ സ്മരണയ്ക്ക് മധ്യപ്രദേശിലെ ഗ്വാളിയറില്‍ അഖില ഭാരതീയ ഹിന്ദുമഹാസഭ ലൈബ്രറി തുടങ്ങിയത് വിവാദമായിരുന്നു. ഗോഡ്‌സെയ്ക്കു വേണ്ടി ക്ഷേത്രം നിർമിക്കാനുള്ള നീക്കം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
English Summary: 'Godse bhakt' Babulal Chaurasia joins Congress in presence of Kamal Nath