ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായിക്കെതിരെ ധർമടത്ത് കരുത്തനായ നേതാവ് വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറയുമ്പോൾ അതാരാണെന്നത് ഇപ്പോഴും സസ്പെൻസ്. കെ. സുധാകരനെ തന്നെ ഇവിടെ സ്ഥാനാർഥിക്കുന്നതിലേയ്ക്ക് ചർച്ചകൾ നീളുന്നതായി സൂചന. ഇക്കാര്യത്തിൽ കെ. സുധാകരനുമായി കോൺഗ്രസ് നേതൃത്വതല ചർച്ച പുരോഗമിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിക്കെതിരെ കെ. സുധാകരൻ തന്നെ മൽസരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്ന് സുധാകരൻ അറിയിച്ചതായാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ധർമടത്ത് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നു പ്രഖ്യാപിച്ച വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് കോൺഗ്രസ് പ്രാദേശി നേതൃത്വത്തിനു താൽപര്യമില്ല. ഈ സാഹചര്യത്തിൽ പ്രാദേശിക വികാരം മാനിക്കണമെന്ന നിലപാടിലാണ് കെ.സുധാകരനും. ഇവിടെ കെ.സുധാകരനെ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്ന ആവശ്യം. ഇതോടെ ഇക്കാര്യത്തിൽ കെപിസിസി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. അധികം വൈകാതെ ഇവിടെ കെപിസിസി സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ സുധാകരൻ മൽസരിക്കാൻ ഇറങ്ങുന്നത് വടക്കൻ കേരളത്തിൽ തരംഗമാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിലെ നേതാക്കൾ പങ്കുവയ്ക്കുന്നത്. വിജയം അത്ര എളുപ്പമാവണമെന്നില്ലെങ്കിലും മൽസരം കടുത്തതാകും എന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. സീറ്റു വിഭജനത്തിൽ ധർമടം സീറ്റ് ഫോർവേ‍ഡ് ബ്ലോക്കിന് അനുവദിച്ചെങ്കിലും മൽസരിക്കുന്നില്ലെന്നു ജി. ദേവരാജൻ അറിയിച്ചതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. മറ്റു മണ്ഡലങ്ങളിൽ പ്രചാരണം മൂർധന്യത്തിൽ എത്തിയിട്ടും മണ്ഡലത്തിൽ സ്ഥാനാർഥിയാകാത്തതിന്റെ ആശങ്ക പ്രാദേശിക നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്.

English Summary: K. Sudhakaran likely to contest in Dharmadom constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com