ADVERTISEMENT

കോഴിക്കോട് ∙ എലത്തൂർ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയമെന്നു സൂചന. പ്രശ്നപരിഹാരത്തിനു ചർച്ച നടന്ന ഡിസിസി ഹാളിനു പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ രോഷപ്രകടനമുണ്ടായി. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി.തോമസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ബ്ലോക്ക്, പഞ്ചായത്ത് പ്രസിസന്റുമാർ ഒഴികെ മറ്റു പ്രവർത്തകർ പുറത്തു പോവണമെന്നു ഡിസിസി പ്രസിഡന്റ് യു.രാജീവൻ ആവശ്യപ്പെട്ടതോടെയാണു പ്രവർത്തകർ തട്ടിക്കയറിയത്.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ നിർദേശപ്രകാരമാണ് ചർച്ച നടത്താൻ എത്തിയതെന്നും തുറന്ന ചർച്ചയാണു നടന്നതെന്നും കെ.വി.തോമസ് പറഞ്ഞു. പ്രാദേശിക നേതാക്കൾ ചട്ടക്കൂട് പാലിച്ച് അഭിപ്രായം പറഞ്ഞു. എലത്തൂർ സീറ്റ് പ്രശ്നം ചർച്ച ചെയ്യാൻ തിരുവനന്തപുരത്തും യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിന്റെ വിവരങ്ങൾ കെപിസിസിയെ അറിയിക്കുമെന്നും തോമസ് പറഞ്ഞു.

ഇരുപതോളം പ്രവർത്തകർ രാജിവച്ചപ്പോൾ തിരിഞ്ഞു നോക്കാത്ത ഡിസിസി പ്രസിഡന്റിന് എലത്തൂർ വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നു പ്രവർത്തകർ വിളിച്ചു പറഞ്ഞു. ദേശാടനക്കിളിക്കു സീറ്റ് കൊടുക്കരുത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ എലത്തൂർ എൻസികെയ്ക്കു വിട്ടുകൊടുത്താൽ ബിജെപി നേട്ടമുണ്ടാക്കും. സെലിൻ റാഷിയുടെയും ഷാനവാസിന്റെയും സ്ഥാനാർഥിത്വം ബിജെപിക്കാണു നേട്ടമാവുക.

കായംകുളവും കരുനാഗപ്പള്ളിയും ആവശ്യപ്പെട്ടതാണെന്നും എലത്തൂർ തലയിൽ കെട്ടിവച്ചതാണെന്നു സുൽഫിക്കർ മയൂരി പറഞ്ഞിട്ടുണ്ട്. കെട്ടിയിറക്കിയ സ്ഥാനാർഥി വന്നാൽ നോക്കിയിരിക്കാൻ കഴിയില്ല. ഉഴവൂർ വിജയന്റെ മരണത്തിനു ഒരു ദിവസം മുൻപു സുൽഫിക്കർ മയൂരി ഫോൺ ചെയ്തു വധഭീഷണി മുഴക്കിയതു നാട്ടുകാർക്കറിയാം. നിറം മാറുന്ന ഓന്തിനെ വേണോ അതോ പൂച്ചക്കുട്ടിയെ വേണോ? ഞങ്ങൾ നാട്ടുകാരോട് എന്തു മറുപടി പറയണം?

കയ്യിൽ പണവുമായി വന്നാൽ സ്ഥാനാർഥിയായി അംഗീകരിക്കാൻ യുവപ്രവർത്തകർക്കു കഴിയില്ല. ഒരു മാർച്ച് പോലും നടത്താതിരുന്നത് അണികളുടെ മാന്യതയാണെന്നും പ്രവർത്തകർ വ്യക്തമാക്കി. സുൽഫിക്കർ മയൂരിയെ അംഗീകരിക്കുന്ന വിഷയമില്ലെന്ന് എം.കെ.രാഘവൻ എംപി പ്രതികരിച്ചു. നോർത്ത് മണ്ഡലം യോഗത്തിൽ പങ്കെടുക്കാൻ ചർച്ചയ്ക്കിടെ പുറത്തേക്കിറങ്ങിയതായിരുന്നു അദ്ദേഹം. മയൂരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു രാഘവൻ നേരത്തെ കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു.

യോഗത്തിനു ശേഷം പുറത്തേക്കിറങ്ങിയ കെ.വി.തോമസിനുമുന്നിൽ എലത്തൂർ മണ്ഡലത്തിലെ പ്രവർത്തകർ സീറ്റ് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ദിനേശ് ബാബുവിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാ ദൾ നേതാക്കളും തോമസിനെ കാണാനെത്തി. സീറ്റ് നൽകാതെ യുഡിഎഫ് വഞ്ചിച്ചെന്നു ദിനേശ് ബാബു പറഞ്ഞു.

English Summary: UDF discussion on Elathur seat row- Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com