ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയിൽ ഈ മാസം 25ന് പ്രചാരണത്തിനെത്താനിരിക്കെയാണ് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഇതോടെ പാർട്ടി വലിയ പ്രതിസന്ധിയിലായി. പത്രികയിൽ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസാണ് തലശേരിയിലെ സ്ഥാനാർഥി.  സ്ഥാനാർഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദര്‍ശനം ഒഴിവാക്കും. 

സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ഗുരുവായൂരിലെ സ്ഥാനാർഥിയായ മഹിളാമോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയും തള്ളി. ഒപ്പിന്റെ കാര്യത്തിൽ പാർട്ടിയിലും വിവാദം പുകയുകയാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്നും, സമയം അവസാനിക്കുന്നതിനു മുൻപ് പകരം കത്തു നൽകാൻ കഴിയാത്തതെന്തെന്നും ചോദ്യമുയരുന്നു. 

ക്ലറിക്കൽ പിഴവാണെന്നാണ് ചില നേതാക്കൾ വിശദീകരിക്കുന്നത്. ഡമ്മി സ്ഥാനാർഥികളും ഇതേ ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ അവരുടെ പത്രികയും സ്വീകരിച്ചില്ല. പത്രികകളുടെ സൂക്ഷ്മപരിശോധന മറ്റന്നാള്‍ അവസാനിക്കും.

കണ്ണൂരിൽ ബിജെപിക്കു വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വി.കെ.ശ്രീജന് 22125 വോട്ടാണ് ലഭിച്ചത്. സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനുവേണ്ടി കെ.പി. അരവിന്ദാക്ഷൻ മത്സരിക്കുന്നു.

ഗുരുവായൂരിൽ കഴിഞ്ഞ തവണയും മത്സരിച്ചത് നിവേദിതയായിരുന്നു. 25490 വോട്ടുകൾ ലഭിച്ചു. ഗുരുവായൂരിൽ എൻ.കെ. അക്ബറാണ് സിപിഎം സ്ഥാനാർഥി. മുസ്‌ലിം ലീഗിനു വേണ്ടി കെ.എൻ.എ. ഖാദർ മത്സരിക്കുന്നു. സിപിഎമ്മിലെ കെ.വി. അബ്ദുൾ ഖാദറാണ് സീറ്റിങ് എംഎൽഎ. 

English Summary : No candidate for BJP in Thalassery constituency when Amit Shah arrives here for campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com