കേന്ദ്രത്തിന്റെ ആവശ്യം കർഷകരുടെ ഭാവി പിടിച്ചെടുക്കുക എന്നത്: രാഹുൽ ഗാന്ധി
Mail This Article
റായ്പുർ∙ കർഷകരുടെ വരുമാനവും ഭാവിയും അവരിൽനിന്നു പിടിച്ചെടുത്ത് ഏതാനും ചില വ്യവസായികൾക്കു ഗുണകരമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചത്തിസ്ഗഢിലെ റായ്പുരിൽ കർഷകർക്കും കന്നുകാലികളെ പോറ്റുന്നവർക്കുമായുള്ള പദ്ധതികളുടെ ഭാഗമായി പണവിതരണം നടത്തുന്ന ചടങ്ങിൽ ഹിന്ദിയിലെ വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ കർഷകരോട് എന്താണോ വാഗ്ദാനം ചെയ്തത് അത് ഇപ്പോൾ നടപ്പാക്കി. കേന്ദ്ര സർക്കാർ ഇപ്പോൾ മറ്റൊരു പാതയിലാണ് പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കർഷകർക്ക് എതിരായ മൂന്ന് നിയമങ്ങൾ കൊണ്ടുവന്നു. കർഷകരുടെ വരുമാനവും ഭാവിയും അവരിൽനിന്നു പിടിച്ചെടുത്ത് ഏതാനും ചില വ്യവസായികൾക്കു ഗുണകരമാക്കാനാണ് ശ്രമം.
കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ പാതയിലാണു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പോകുന്നത് എന്നതിൽ സന്തോഷമുണ്ട്.
നരേന്ദ്ര മോദിയുടെ സർക്കാർ നോട്ട് നിരോധിച്ചു, ജിഎസ്ടി കൊണ്ടുവന്നു, ഇപ്പോൾ നിങ്ങൾക്കറിയാം അവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടെന്ന്. ചത്തിസ്ഗഢ് സർക്കാർ കർഷകരെ പിന്തുണച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി. ഞങ്ങൾ ഈ സമ്പദ്‌വ്യവസ്ഥയിലേക്ക് പണമിറക്കി. അതിനാൽ കോവിഡ് കാലത്തുപോലും ചത്തിസ്ഗഢിൽ പ്രശ്നങ്ങളുണ്ടായില്ല’ – രാഹുൽ കൂട്ടിച്ചേർത്തു.
English Summary: "Centre Wants To Snatch Farmers' Future": Rahul Gandhi Over New Farm Laws