ADVERTISEMENT

മാധ്യമപ്രവർത്തനവും ഒരുതരത്തിൽ രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് മൂവാറ്റുപുഴയിലെ ട്വന്റി 20 സ്ഥാനാർഥി സി.എൻ. പ്രകാശിന്റെ നിലപാട്. നിയമപഠനം പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും മാധ്യമപ്രവർത്തനത്തിലാണ് സജീവമായത്. വാർത്താ ചാനലുകളിൽ നല്ലൊരു പങ്കു മലയാളികൾക്കും പരിചിതമുഖം. ഇത്തവണ നിയമസഭയിലേയ്ക്ക് മൽസരിക്കുന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ എന്ന പ്രത്യേകതയും. എന്തുകൊണ്ട് ട്വന്റി 20? എങ്ങനെ സ്ഥാനാർഥിത്വത്തിലെത്തി? മനോരമ ഓൺലൈനോടു സി.എൻ.പ്രകാശ് മനസു തുറക്കുന്നു. 

∙ ട്വന്റി 20 സ്ഥാനാർഥിയായ സാഹചര്യം?

മാധ്യമപ്രവർത്തനത്തിൽനിന്ന് നിയമമേഖലയിൽ സജീവമാകണം എന്നു കരുതിയിരിക്കെ അപ്രതീക്ഷിതമായാണ് ട്വന്റി 20 സ്ഥാനാർഥിയായത്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ മാത്രമുള്ള ബന്ധമാണ് ട്വന്റി 20 നേതൃത്വവുമായി ഉണ്ടായിരുന്നത്. ട്വന്റി 20 സ്ഥാനാർഥി നിർണയത്തിലെ ഒരു മാനദണ്ഡം സ്ഥാനാർഥിത്വത്തിലേയ്ക്ക് എത്തുകയായിരുന്നു. പാർട്ടിയെ സ്വീകരിക്കാൻ മണ്ഡലം തയാറാണോ എന്ന ഒരു പരിശോധന നടത്തുന്നതാണ് ആ മാനദണ്ഡത്തിൽ ആദ്യഘട്ടം. മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും 2,200 പേരിൽ നടത്തിയ സർവേയിൽ 61 ശതമാനം പേരും മൂവാറ്റുപുഴയിലേയ്ക്ക് സ്വാഗതം എന്ന നിലയിലാണ് അഭിപ്രായപ്പെട്ടത്. പുതിയ ജനപ്രതിനിധി നാടിനു വേണമെന്നും സർവേയിൽ അഭിപ്രായമുയർന്നു. വിവിധ മേഖലകളിലുള്ളവരെ അവതരിപ്പിച്ചപ്പോൾ രാഷ്ട്രീയക്കാരല്ലാത്ത മുഖം സ്ഥാനാർഥിയാകുന്നതിനോട് ജനം താൽപര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ ഒരു സ്ഥാനാർഥിപ്പട്ടിക തയാറാക്കി ആളുകളിൽ നിന്ന് അഭിപ്രായം സ്വീകരിച്ച ശേഷമാണ് എന്റെ പേരിലേക്ക് എത്തിയത്. പത്തുപേരുടെ പട്ടിക ഉണ്ടാക്കുകയും അതിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക കണ്ടെത്തുകയും ചെയ്തതോടെ എന്റെ പേരും പട്ടികയിലുണ്ടെന്ന് അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ദിവസം ഉച്ചയോടെയാണ് സ്ഥാനാർഥി ആകുന്നു എന്നതിൽ ഉറപ്പു ലഭിച്ചത്. ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗമായാൽ സാമൂഹിക പ്രതിബന്ധതയുമായി ബന്ധപ്പെട്ട നിലപാടുകൾ എന്താകും, കാഴ്ചപ്പാടുകൾ എന്തെല്ലാമായിരിക്കും, വീക്ഷണം എന്താണ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിലൂടെയായിരുന്നു ഇത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സ്ഥാനാർഥിയാകുന്നതിൽ ആദ്യഘട്ടത്തിൽ ഒരു ആശങ്കയുണ്ടായിരുന്നു. പക്ഷെ ട്വന്റി 20 പോലെയൊരു പാർട്ടി സ്ഥാനാർഥി നിർണയം നടത്തുന്നത് എങ്ങനെ എന്നറിയാൻ ഒരു അക്കാദമിക് താൽപര്യമുണ്ടായിരുന്നു. സാധാരണ രാഷ്ട്രീയ കക്ഷികൾ നേതാക്കളുടെ ശുപാർശയോ മതസാമുദായിക താൽപര്യങ്ങളോ ഗ്രൂപ്പ് പിന്തുണയോ നൽകുന്ന പണമോ സ്ഥാനാർഥിയെ നിർണയിക്കുന്നതാണ് കണ്ടുവരുന്നത്. കഴിവും പ്രാപ്തിയും വിദ്യാഭ്യാസവുമുള്ളവർ തഴയപ്പെടുന്നതാണ് ഇവിടെ പതിവ്. അതിൽ നിന്നു വ്യത്യസ്തമായ പ്രഫഷനൽ സമീപനം ഇവർ കാണിച്ചതിനാൽ താൽപര്യമുണ്ടായി. അഴിമതി വിരുദ്ധത ഇവരുടെ അജൻഡയാണ്. ഈ ഒരു പോയിന്റ് പാർട്ടിയോട് അടുക്കുന്നതിലേയ്ക്ക് നയിച്ചു. 

cn-prakash-3
സി.എൻ.പ്രകാശ്

∙ അഭിമുഖം നടത്തി ഒരു സ്ഥാപനം ജീവനക്കാരെ നിയമിക്കുന്നതു പോലെ സ്ഥാനാർഥി നിർണയം, ട്വന്റി 20ക്കെതിരായ പ്രധാന ആരോപണവും ഇതുതന്നെയാണ്. ?

പുരോഗമന വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേയ്ക്കും രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്കും എത്തിച്ചേർന്നത്. അഞ്ചു വർഷമായി ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ കീഴിലുള്ള മാധ്യമസ്ഥാപനത്തിന്റെ ഇൻപുട്ട് എഡിറ്ററും റീജനൽ എഡിറ്ററുമായി ജോലി ചെയ്തു. കോർപ്പറേറ്റ് എന്നു പറയുന്നത് എന്തോ വലിയ തട്ടിപ്പു നടത്തുന്ന ഒന്നാണ് എന്ന് ബോധപൂർവം പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ഇത് ഒരു സമൂഹത്തിന്റെ മുന്നോട്ടു പോക്കിൽ ഗുണകരമാണെന്നു കരുതുന്നില്ല. കോർപ്പറേറ്റ്, അല്ലെങ്കിൽ ബിസിനസ് സാമ്രാജ്യം എന്നത് ഒരു യാഥാർഥ്യമാണ്. അതിനെ ഉൾക്കൊള്ളേണ്ടതുണ്ട്. 

ഇന്ന് രാജ്യാന്തര തലത്തിൽ തന്നെ വലിയ സ്വീകാര്യതയുള്ള ബ്രാൻഡായി കിറ്റെക്സ് മാറിയിട്ടുണ്ടെങ്കിൽ അത് ആ വളർച്ചയുടെ ഭാഗമാണ്. ഒരുകാലത്ത് ആയിരക്കണക്കിന് ജനത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു കിറ്റെക്സ് ‌. പാവപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെല്ലാം ജോലി നൽകുന്ന സ്ഥാപനം. ഒരു ബിസിനസ് സ്ഥാപനം വളർന്നു എന്നതാണ് കോർപ്പറേറ്റ് എന്ന വ്യാഖ്യാനത്തിൽ നിന്നു മനസിലാക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ സാമൂഹിക പ്രതിബന്ധതാ നിയമത്തിന്റെ ഭാഗമായുള്ള സിഎസ്ആർ ഫണ്ട് കൃത്യമായി ജനക്ഷേമത്തിന് ഉപയോഗിക്കുന്ന അപൂർവം സ്ഥാപനങ്ങളിലൊന്നാണ് കിറ്റെക്സ്. 

cn-prakash-1
സി.എൻ.പ്രകാശ്

ഏകാധിപത്യ സംവിധാനം എന്നു പറയുന്നത് വിമർശിക്കാൻ വേണ്ടി പറയുന്ന ഒന്നു മാത്രമാണ്. ഈ വിമർശനം ഉന്നയിക്കുന്ന ചേരികളിലും കോർപ്പറേറ്റ് രീതിയിൽ തന്നെയാണ് കാര്യങ്ങൾ നടക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്നു പറയുന്ന കോൺഗ്രസിൽ ഹൈക്കമാൻഡ് എന്നു പറയുന്നത് ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങുന്നതാണ്.  ഇടതുപക്ഷം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചു നിൽക്കുന്ന ഒന്നായി. അവിടെ ഘടകകക്ഷികൾക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല. സിപിഎമ്മിലെ രണ്ടാം നിര നേതാക്കൾക്കോ മുൻനിര നേതാക്കൾക്കോ അഭിപ്രായം പറയാൻ സംവിധാനമില്ല. ഇതെല്ലാം കോർപ്പറേറ്റ് രീതി തന്നെയാണ്. എന്നാൽ ട്വന്റി 20യുടെ കാര്യത്തിൽ വിഭിന്നമായ വശങ്ങളുണ്ട്. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാത്ത പാർട്ടികൾക്കെതിരായ പോരാട്ടമാണ് ട്വന്റി 20 നടത്തുന്നത്. പുതിയ കാലത്ത് വേണ്ടതെന്തോ അത് ജനത്തിന് എത്തിച്ചു നൽകുന്നു. അതിലൂടെയാണ് ജനത്തിനിടയിൽ സ്വീകാര്യത വർധിക്കുന്നത് എന്നാണ് മനസിലാകുന്നത്. 

∙ ആശയത്തിന്റെ അടിത്തറയില്ലാത്ത പ്രസ്ഥാനം എന്ന ആരോപണമുള്ളപ്പോൾ എന്താണ് മൂന്നു മുന്നണികൾക്കിടയിൽ ട്വന്റി 20യുടെ പ്രസക്തി?

രാഷ്ട്രീയം എന്നു പറയുന്നത് ജനത്തിനു വേണ്ടിയുള്ളതാണ്. ജനതാൽപര്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ കഴിയാത്ത ഏതൊരു പാർട്ടിയിൽ നിന്നും ജനം അകന്നു പോകും. ട്വന്റി 20യുടെ മുഖമുദ്രയായി മനസിലാക്കുന്നത് ജനം സ്വമേധയാ പാർട്ടിയിലേയ്ക്കു വരുന്നു എന്നതാണ്. പത്തു ദിവസത്തെ പ്രചാരണത്തിനിടെ ഇതു കാണാനായിട്ടുണ്ട്. 

രാഹുൽ ഗാന്ധിവരെയുള്ള കോൺഗ്രസിന്റെ നാലു തലമുറ ദാരിദ്ര്യ നിർമാർജനം എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചിട്ടും ഇന്ത്യയിൽ ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും പട്ടിണിപ്പാവങ്ങളും ദരിദ്രനാരായണൻമാരും പെരുകുകയാണ്. നാലു തലമുറ മാറിയിട്ടും ആ ഒരു അജൻഡ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നു തോന്നിയിട്ടില്ല. ഇപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാത്ത പാർട്ടിയായി ഇത് മാറിയിരിക്കുന്നു. അതാണ് കോൺഗ്രസിന്റെ പ്രസക്തി ദിനംപ്രതി നഷ്ടമാകുന്നത്. 

ഇവിടത്തെ കമ്യൂണിസ്റ്റുകാരുടെ ജീവിത രീതി, ശൈലി, നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങൾ ഇതൊന്നും ഒരു കമ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ പാത പിന്തുടരുന്നതല്ല. കേവലം വ്യക്തി, അധികാര, സാമ്പത്തിക താൽപര്യങ്ങൾക്കു മാത്രം ഉപകരിക്കുന്നതാണ്. അതുകൊണ്ടു തന്നെ കോൺഗ്രസും കമ്യൂണിസ്റ്റും ബിജെപിയും തമ്മിലുള്ള വ്യത്യാസം ജനത്തിനു പ്രകടമല്ല. 

∙ ട്വന്റി 20 മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ?

ഒരു പ്രത്യേക വാഗ്ദാനമോ പ്രകടന പത്രികയോ മുന്നോട്ടു വയ്ക്കാതെയാണ് ട്വന്റി 20 ജനത്തെ സമീപിക്കുന്നത്. പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതു പോലെയല്ല ട്വന്റി 20 യുടെ പ്രവർത്തനം. മറ്റു രാഷ്ട്രീയ പാർട്ടികളെ കാണുന്നതു പോലെ പൊതുജനവും മാധ്യമങ്ങളും ഈ പാർട്ടിയെ വീക്ഷിക്കരുത്. വിഭിന്നമായ പ്രവർത്തനശൈലിയും രീതിയുമാണ് ഇതിന്റേതെന്ന് ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലകളിലെ ജനത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. അഴിമതിമുക്ത നാട്, ഭരണകർത്താക്കൾ, ജനപ്രതിനിധികൾ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം.  നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയാണ് എന്ന വിശാലമായ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നു. ഒരു എംഎൽഎയോ ഏതെങ്കിലും പാർട്ടിയുടെ നേതാക്കളോ മാത്രമല്ല, നാടിന്റെ വികസനത്തിൽ പങ്കാളിയാകുക; പകരം നാടിനോടു കൂറുള്ള അടുത്തറിഞ്ഞ, പ്രദേശത്തെ വിവിധ മേഖലങ്ങളിൽ വൈദഗ്ധ്യമുള്ള ആളുകളെ ചേർത്തു നിർത്തി അവരുടെ കൂടി കാഴ്ചപ്പാടുകൾ പരിഗണിച്ച്, ശാസ്ത്രീയമായി പഠിച്ച് എന്താണ് നാടിനു വേണ്ടത് എന്നു കണ്ടെത്തി പദ്ധതികൾ നടപ്പാക്കും. മൂവാറ്റുപുഴയിൽ കോടികൾ മുടക്കിയുണ്ടാക്കിയ കാർഷിക വിപണി, പൈനാപ്പിൾ സംസ്കരണ ഫാക്ടറി ഇവയെല്ലാം വെറും കെട്ടിടങ്ങളായി അവശേഷിക്കുകയാണ്. നാടിന് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. 

∙ സാമൂഹിക സേവനത്തിനു മാധ്യമ പ്രവർത്തനത്തെക്കാൾ മികച്ചത് രാഷ്ട്രീയമെന്നു തോന്നിയതിനാലാണോ മൽസരിക്കാൻ ഇറങ്ങിയത്?

മാധ്യമപ്രവർത്തനത്തിലേയ്ക്കു വന്നതു തന്നെ യാദൃശ്ചികമായാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ 365 ദിവസവും സജീവമായി നിൽക്കുമ്പോഴാണ് ജീവിതം മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഈ രംഗത്തെത്തുന്നത്. അതിനു ശേഷം മാധ്യമപ്രവർത്തനം ഒരു ലഹരിയായി. മുഴുവൻ സമയ മാധ്യമപ്രവർത്തകൻ എന്നു പറഞ്ഞാൽ, നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും പോലും പോകാതെ മാസങ്ങളോളം മാധ്യമപ്രവർത്തനത്തിന്റെ ആ ലഹരിയിൽ മുഴുകിയിട്ടുണ്ട്. അങ്ങനെ 20 വർഷം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിച്ചത്. ഇപ്പോൾ 22 വർഷം പൂർത്തിയായി. മാധ്യമപ്രവർത്തനത്തെയും ഒരു സാമൂഹിക, രാഷ്ട്രീയ പ്രവർത്തനമായാണ് കണ്ടിട്ടുള്ളത്. ജനവുമായി ഏറ്റവും അധികം സംവദിക്കാൻ കഴിയുന്ന ഏറ്റവും വലിയ മാർഗം മാധ്യമ പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു മാധ്യമപ്രവർത്തനവും. ഇതുവഴി സമൂഹത്തിന്റെ ഉന്നതർ മുതൽ ദുരിതം പേറുന്നവർ വരെ നാനാതുറയിലുള്ളവരുമായി ബന്ധമുണ്ടായി. എന്നാൽ ജനവുമായി നേരിട്ട് ഇടപെടാൻ കഴിയുന്നത് പൊതു പ്രവർത്തനത്തിലൂടെയാണ്. ചെറുതും വലിയതുമായ സഹായങ്ങൾ ജനത്തിനു ചെയ്യാൻ കഴിയുന്നത് അങ്ങേയറ്റം സംതൃപ്തി നൽകുന്നതു കൂടിയാണ്. എംഎസ്ഡബ്ലിയു ബിരുദധാരിയായതിനാൽ കേന്ദ്ര സർക്കാരിന്റെ പ്രോജക്ടുകൾ കൺസൾട്ടന്റായി നിരവധി ഗ്രാമങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാമാണ് ട്വന്റി 20യുമായി അടുക്കാനും പൊതു പ്രവർത്തനത്തിലേയ്ക്ക് ഇറങ്ങാനും ഇടയാക്കിയത്. 

∙ ട്വന്റി 20 സ്ഥാനാർഥികളെ മൽസരിപ്പിക്കുന്നതിലൂടെ യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിക്കുകയും അതു വഴി എൽഡിഎഫിനെ സഹായിക്കുകയുമാണ് എന്നാണ് ആരോപണം.

തികച്ചും അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ പ്രചാരമാണ്. ട്വന്റി 20ക്ക് ജനമനസുകളിലുള്ള സ്വീകാര്യത എന്നു പറയുന്നത് പാർട്ടി നടത്തിയിട്ടുള്ള സാമൂഹിക ഇടപെടലുകളും അതിന്റെ ഭാഗമായി നടത്തിയ വികസനവുമാണ്. കിഴക്കമ്പലത്തും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ ജനത്തിന് ഇത് അനുഭവവേദ്യമായ കാര്യമാണ്. ട്വന്റി 20യുടെ ജനസ്വീകാര്യത ഉയർത്തിയത് വികസന പ്രവർത്തനങ്ങളോ മറ്റു പ്രവർത്തനങ്ങളൊ അല്ല. അതൊരു ഘടകം മാത്രമാണെങ്കിൽ അതിലുപരി ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ ദീർഘവീക്ഷണമില്ലായ്മ, അവർ ജനങ്ങളിൽ നിന്ന് അകന്നത്, കാഴ്ചപ്പാടുകളുടെ വികലത എല്ലാമാണ്. ഇവിടെയുള്ള രാഷ്ട്രീയ സംവിധാനങ്ങൾ മോശമായതിനാലാണ് ഇത്തരത്തിലുള്ള കൂട്ടായ്മകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണ്ടായി വരുന്നത്. ആ തിരിച്ചറിവ് ആരോപണങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കില്ല. എന്തുകൊണ്ട് ജനം പുതിയ പ്രസ്ഥാനങ്ങളെ സ്വീകരിക്കുന്നു എന്നു തിരിച്ചറിയാന്‍ ഇവർക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. അത് എന്നു തിരുത്തപ്പെടുന്നു അന്നു മാത്രമേ ഉയിർത്തെഴുന്നേൽക്കാൻ കഴിയുകയുള്ളൂ.

English Summary: Special interview with CN Prakash, Twenty 20 candidate from Muvattupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com