‘സുല്‍ഫിക്കര്‍ മയൂരിക്ക് ഉപാധികളോടെ കോൺഗ്രസ് പിന്തുണ: ഉപാധി പിന്നീട് വെളിപ്പെടുത്തും’
Mail This Article
കോഴിക്കോട്∙ എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെയ്ക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ കോൺഗ്രസിലെ തർക്കത്തിന് താത്കാലിക പരിഹാരം. സ്ഥാനാർഥി സുൽഫിക്കർ മയൂരിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. എം.കെ.രാഘവൻ എംപിയും സുൽഫിക്കർ മയൂരിയും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് സമവായം ഉണ്ടായത്.
അടുത്ത ദിവസം മുതൽ പ്രചാരണം ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ മണ്ഡലത്തിലെ പ്രചാരണത്തിന് സുൽഫിക്കർ മയൂരി തുടക്കം കുറിച്ചു. എന്നാൽ സുല്‍ഫിക്കര്‍ മയൂരിക്ക് നൽകിയ പിന്തുണ ഉപാധികളോടെയാണെന്നും ഉപാധി പിന്നീട് വെളിപ്പെടുത്തുമെന്നും എം.കെ.രാഘവൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
എലത്തൂര്‍ സീറ്റിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്ന യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മണ്ഡലത്തില്‍ സുല്‍ഫിക്കര്‍ മയൂരി പ്രചാരണത്തിനു തുടക്കമിട്ടത്. എലത്തൂരില്‍ തന്നെ മല്‍സരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മല്‍സരിക്കാനും തയാറായിരുന്നുവെന്നും സുല്‍ഫിക്കര്‍ മയൂരി മനോരമ ന്യൂസിനോട് പറഞ്ഞു. എലത്തൂര്‍ സീറ്റ് മാണി സി. കാപ്പന്‍റെ എൻസികെയ്ക്ക് നല്‍കിയതിനെതിരെ എം.കെ. രാഘവന്‍ എം.പി അടക്കമുള്ള നേതാക്കളും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.
English Summary: Elathur crisis in udf is over: Sulfikar Mayoori starts the campaign