കൊല്ലം ജില്ലയിൽ യുഡിഎഫിന് 4 സീറ്റ്; എൽഡിഎഫ് 7 സീറ്റ് നേടും: സർവേ
Mail This Article
കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. കഴിഞ്ഞ തവണ ഒരു സീറ്റ് പോലുമില്ലാതിരുന്ന യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സർവേ നൽകുന്ന സൂചന. എൽഡിഎഫ് – 7, യുഡിഎഫ് – 4, എൻഡിഎ – 0 എന്നാണ് ജില്ലയിൽ മുന്നണികളുടെ ജയസാധ്യതയായി അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്.
കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്നു സര്‍വേ സൂചിപ്പിക്കുന്നു. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതു സ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിച്ചേക്കും. സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുന്‍പാണു സര്‍വേ നടന്നത്. ചവറ എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിക്കുമെന്നാണു സൂചന. യുഡിഎഫ് സ്ഥാനാര്‍ഥിക്കു സാമാന്യം നല്ല ലീഡിലാണു മുന്നേറ്റം പ്രവചിക്കുന്നത്.
കുന്നത്തൂര്‍ എല്‍ഡിഎഫിനു നഷ്ടമാകുമെന്നാണു സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ഥി നല്ല ലീഡില്‍ മുന്നിലെത്തും. കൊട്ടാരക്കര എല്‍ഡിഎഫ് നിലനിര്‍ത്തും. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യതയുണ്ട്. പുനലൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും എൽഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്നും സർവേ പ്രവചിക്കുന്നു.
ചടയമംഗലത്ത് എൽഡിഎഫിനാണ് ജയം പ്രവചിക്കുന്നത്. കുണ്ടറയിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യത. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. ചാത്തന്നൂരിൽ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്.
അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? കരുനാഗപ്പള്ളിയില്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: 39 ശതമാനം പേരും എൽഡിഎഫിനെ പിന്തുണച്ചു. യുഡിഎഫിനെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 33 ശതമാനം എന്‍ഡിഎയ്ക്കൊപ്പം.
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യത്തോട് കുന്നത്തൂരിലെ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ: ഏറ്റവും മികച്ചതെന്ന് 11 ശതമാനം പേര്‍, മികച്ചതെന്ന് 22 ശതമാനം പേര്‍, 38 ശതമാനം പേര്‍ ശരാശരി മാര്‍ക്കും നല്‍കി. മോശം പ്രകടനമെന്നാണ് 21 ശതമാനം പേരുടെ അഭിപ്രായം. വളരെ മോശമെന്ന് 8 ശതമാനം പേരും.
English Summary: Manorama news pre poll survey Kollam district