സ്നേഹ വഴിയോരത്ത് ഏലിക്കുട്ടിയും അന്നമ്മയും; ചേർത്തുപിടിച്ച് രാഹുൽ
Mail This Article
ഉഴവൂർ ∙ സ്നേഹത്തിനു പ്രായം ഇല്ല, അതിരുകൾ ഇല്ല, മതവും നിറവും ഇല്ല. ഇതെന്നെ ഓർമിപ്പിച്ച അന്നമ്മയ്ക്കും ഏലിക്കുട്ടിയമ്മയ്ക്കും നന്ദി. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടു. ഏലിക്കുട്ടിയും അന്നമ്മയും സമൂഹ മാധ്യമങ്ങളിൽ താരങ്ങളായി. ഉഴവൂരിൽ നിന്നു കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു നിന്ന ആറുകാക്കൽ ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുൽ ഗാന്ധി കണ്ടത്. ഉടൻ കാർ നിർത്തി. ഇരുവരോടും സംസാരിച്ചു.
എനിക്ക് 72 വയസ്സായി, ഇവർക്ക് ( ഏലിക്കുട്ടി) 87 വയസ്സായി. അന്നമ്മ ചാണ്ടി രാഹുലിനോട് പറഞ്ഞു. കണ്ടാൽ 55 വയസ്സേ തോന്നുകയുള്ളൂവെന്ന് രാഹുൽ.സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി. അമ്മയെയും (സോണിയാ ഗാന്ധി) വലിയമ്മയെയും (ഇന്ദിരാ ഗാന്ധി) അറിയാവുന്നവരാണ് ഞങ്ങളൊക്കെയെന്ന് അന്നമ്മ.
കാണാൻ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുൽ ഇടപെട്ടു: അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്പോൾ ഇതിലും ചെറുപ്പമാകണം. രാഹുൽ കാറിന് പുറത്തിറങ്ങി, രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
അവരോടൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും അമ്മച്ചി എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അന്നമ്മയുടെ ഭർത്താവും ഏലിക്കുട്ടിയുടെ ഭർത്താവും സഹോദരങ്ങളാണ്. ഇരുവരും മരിച്ചു പോയി.
English Summary: Love has no age, Love has no boundaries: rahul gandhi shares pictures of Annamma & Ailykuttiamma