ADVERTISEMENT

ന്യൂഡൽഹി∙ മീൻ കറിയിൽ വിഷം കലർത്തി ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തി യുവാവ്. സംഭവത്തില്‍ 37കാരനായ വരുൺ അറോറ എന്നയാളെ ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. താലിയം എന്ന വിഷമാണ് ഇയാൾ കറിയിൽ കലർത്തിയത്. വളരെ പതുക്കെ മരണം ഉറപ്പാക്കുന്നതാണു താലിയം.

വർഷങ്ങളായി നേരിട്ട അപമാനത്തിൽ പകരം വീട്ടുന്നതിനാണ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും നൽകിയതെന്നാണ് പൊലീസ് നിഗമനം. വരുണിന്റെ ഭാര്യാമാതാവ് അനിത ദേവി ശർമയുടെ ശരീരത്തിൽ താലിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയേയും രക്തത്തിൽ വിഷത്തിന്റെ സാന്നിധ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ ദിവ്യ അബോധാവസ്ഥയിലാണ്. അന്വേഷണത്തിന് ഇടയിലാണ് അനിതയുടെ ഇളയ മകൾ പ്രിയങ്കയുടെ മരണം സംശയ നിഴലിലാകുന്നത്. ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് പ്രിയങ്ക മരിച്ചത്. താലിയം ശരീരത്തിൽ പ്രവേശിക്കുന്നവരിൽ കാണുന്ന ലക്ഷണങ്ങൾ – മുടി കൊഴിച്ചിൽ, കാലിനുള്ള അസഹനീയ വേദന – എന്നിവ പ്രിയങ്കയ്ക്കുണ്ടായിരുന്നതായും കണ്ടെത്തി.

ഭാര്യാപിതാവ് ദേവേന്ദർ മോഹൻ ശർമയുടെ ശരീരത്തിലും താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ വീട്ടിലെ ജോലിക്കാരിയിലും ലക്ഷണങ്ങൾ കണ്ടിരുന്നതായി ഡപ്യൂട്ടി കമ്മിഷണർ ഊര്‍വിജ ഗോയൽ പറഞ്ഞു. കൂട്ടക്കൊലപാതകത്തിലേക്ക് സംശയമുന നീണ്ടതോടെയാണ് പൊലീസ് ഫൊറൻസിക് സംഘത്തെ ദിവ്യയുടെ വീട്ടിലേക്ക് അയച്ചത്.

പരിശോധനയിൽ ഇവിടെനിന്ന് താലിയം കണ്ടെടുത്തു. ജനുവരി 31ന് വരുൺ ദിവ്യയുടെ വീട്ടിലെത്തിയിരുന്നു. അന്ന് ഇയാൾ അവിടെ മീൻ കറി വയ്ക്കുകയും അതിൽ താലിയം കലർത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ദിവ്യയുമായി 12 വർഷം മുൻപായിരുന്നു വരുണിന്റെ വിവാഹം.

മക്കളില്ലാത്തതിനെ തുടർന്ന് ദിവ്യയുടെ വീട്ടുകാർ വരുണിനെ ആക്ഷേപിക്കുന്നതു പതിവായിരുന്നു. നാലു വർഷം മുൻപ് ഐവിഎഫിലൂടെ ദിവ്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി. കഴിഞ്ഞ വർഷം ദിവ്യ വീണ്ടും ഗർഭിണിയായി. എന്നാൽ ജീവന് ഭീഷണിയാകുമെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ഗർഭഛിദ്രം നടത്തി. വരുണിന് ഇതിനോട് താൽപര്യമുണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ശർമ പറഞ്ഞു.

സമീപകാലത്തു മരിച്ച പിതാവ് തന്റെ കുഞ്ഞായി തിരികെയെത്തുമെന്നായിരുന്നത്രേ വരുണിന്റെ ചിന്ത. പിതാവിന്റെ മരണത്തിനു തൊട്ടു പിന്നാലെയാണു ഭാര്യ ദിവ്യ ഗർഭിണിയായത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞിനു ജന്മം നൽകുന്നതു ദിവ്യയുടെ ജീവൻ അപകടത്തിലാക്കുമെന്നു ഡോക്ടർ അറിയിച്ചു. ഇക്കാര്യം വരുണിനോടു പറഞ്ഞെങ്കിലും ഗർഭം അലസിപ്പിക്കാൻ സമ്മതിച്ചില്ല. തുടർന്നാണു മാതാപിതാക്കളുടെ പിന്തുണയോടെ ദിവ്യ ഗർഭഛിദ്രം നടത്തിയത്.

വരുണും രണ്ടു കുട്ടികളും താലിയമടങ്ങിയ ഭക്ഷണം കഴിച്ചിരുന്നില്ല. ടെലിവിഷനിൽ ഹാസ്യപരിപാടി കണ്ട് കുറേ ചിരിച്ചതിനാൽ താടിയെല്ലിന് വേദനയാണെന്നു പറഞ്ഞാണ് വരുൺ കഴിക്കാതിരുന്നത്. കുട്ടികൾ പാലു കുടിച്ചിരുന്നതിനാലും ഭക്ഷണം കഴിച്ചില്ല. ഓൺലൈനിൽ സെർച്ച് ചെയ്താണ് താലിയത്തെക്കുറിച്ചുള്ള വിവരങ്ങൾ വരുൺ ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു.

English Summary: Delhi Man Fed Thallium In Fish Curry To In-Laws. 2 Dead, Wife In Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com