സൂയസ് കനാൽ പ്രതിസന്ധി: ചരക്കുനീക്കം മുടങ്ങാതിരിക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ
Mail This Article
ന്യൂഡല്‍ഹി∙ രാജ്യാന്തര കപ്പല്‍ പാതയായ സൂയസ് കനാലില്‍ ചരക്കു കപ്പല്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ട സാഹചര്യം നേരിടാന്‍ നാലിന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കപ്പലുകള്‍ വഴിതിരിച്ചു വിടുക, ചരക്കുകളുടെ മുന്‍ഗണന നിശ്ചയിക്കുക, നിലവിലെ ചരക്കുനീക്ക നിരക്ക് പാലിക്കുക, തുറമുഖങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
സ്പെഷല്‍ സെക്രട്ടറി (ലോജിസ്റ്റിക്സ്) പവന് അഗര്‍വാളിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തുറമുഖ, ഷിപ്പിങ് മന്ത്രാലയ പ്രതിനിധി, ഷിപ്പിങ് എഡിജി, കണ്ടെയ്നര്‍ ഷിപ്പിങ് ലൈന്‍സ് അസോസിയേഷന്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്ഗനൈസേഷന് എന്നിവര്‍ പങ്കെടുത്തു. പെട്ടെന്ന് കേടുവരാന്‍ സാധ്യതയുള്ള ചരക്കുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ എത്തിക്കാനുള്ള നപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.
നിലവിലുള്ള കരാര്‍ പ്രകാരമുള്ള നിരക്കുതന്നെ ഈടാക്കുന്ന കാര്യം കണ്ടെയ്നര്‍ ഷിപ്പിങ് ലൈന്‍സ് അസോസിയേഷന് സമ്മതിച്ചു. ഇപ്പോഴത്തെ അവസ്ഥ താല്‍ക്കാലികമാണെന്നും നിരക്കിന്റെ കാര്യം അനുകൂലമായി പരിഗണിക്കണമെന്ന് ഷിപ്പിങ് ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
സൂയസ് കനാലിലെ തടസ്സം ഒഴിവാകുന്നതോടെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കിന്റെ തള്ളിക്കയറ്റം ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കും. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകള്‍ തിരിച്ചുവിടുന്നതിന്റെ സാധ്യതയും പരിശോധിക്കും. ഇതുവഴിയുള്ള യാത്രയ്ക്ക് 15 ദിവസം അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
മാര്‍ച്ച് 23 മുതല്‍ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യാന്തര വാണിജ്യ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ്. ഉത്തര, ദക്ഷിണ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള 200 ബില്യൻ യുഎസ് ഡോളറിന്റെ ഇറക്കുമതി/കയറ്റുമതി ഇടപാടുകള്‍ക്ക് ഇന്ത്യ ഈ റൂട്ടാണ് ഉപയോഗിക്കുന്നത്. പെട്രോളിയം, ഓര്‍ഗാനിക് കെമിക്കല്‍സ്, ഉരുക്ക്, സ്റ്റീല്‍, ഓട്ടമൊബീല്‍, മെഷിനറി, ടെക്സ്റ്റൈല്‍സ്, കാര്‍പ്പറ്റ്, ഹാന്‍ഡിക്രാഫ്റ്റ്, ഫര്‍ണിച്ചര്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി/ഇറക്കുമതി ചെയ്യുന്നത്.
നിലവില്‍ സൂയസ് കനാലിന്റെ തെക്ക്, വടക്ക് ഭാഗത്തായി ഇരുന്നൂറോളം ചരക്കു കപ്പലുകളാണ് കാത്തുകിടക്കുന്നത്. പ്രതിദിനം 60 കപ്പലുകള്‍ ക്യൂവിലേക്ക് എത്തുന്നുമുണ്ട്. രണ്ടു ദിവസം കൂടി തടസ്സം തുടര്‍ന്നാല്‍ ഏതാണ്ട് 350 കപ്പലുകളാവും കാത്തുകിടക്കേണ്ടിവരിക. ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
Englih Summary: Government's 4-Point Plan To Deal With Suez Canal Blockage