‘മോദിയുടെ വീസ റദ്ദാക്കണം’: ബംഗ്ലദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ബംഗ്ലദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അദ്ദേഹം (നരേന്ദ്ര മോദി) ബംഗ്ലദേശിൽ പോയി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പൂർണമായ ലംഘനമാണ്.’– ഖരഗ്പുരിൽ നടന്ന പ്രചാരണ പരിപാടിയിൽ മമത ബാനർജി പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ബംഗ്ലദേശ് നടൻ തൃണമൂലിന്റെ റാലിയിൽ പങ്കെടുത്തപ്പോൾ ബിജെപി ബംഗ്ലദേശ് സർക്കാരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ വോട്ടെടുപ്പ് നടക്കുമ്പോൾ, മോദി ഒരു വിഭാഗം ആളുകളിൽനിന്ന് വോട്ടു തേടി ബംഗ്ലദേശിലേക്ക് പോകുന്നു. എന്തുകൊണ്ട് അദ്ദേഹത്തിന്റെ വീസ റദ്ദാക്കുന്നില്ലെന്ന് മമത ചോദിച്ചു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും.
മമത ബംഗ്ലദേശിൽനിന്ന് ബംഗാളിലേക്ക് ആളുകളെ കൊണ്ടുവന്നു നുഴഞ്ഞുകയറ്റം നടത്തിയെന്ന് ആരോപിക്കുന്നവർ എന്തിനാണ് ബംഗ്ലദേശിൽ പോയി പ്രചാരണം നടത്തുന്നതെന്നും മമത ചോദിച്ചു. മാതുവ സമുദായത്തിന്റെ ആത്മീയ ഗുരുവായ ഹരിചന്ദ് ഠാക്കൂറിന്റെ ജന്മസ്ഥലമായ ബംഗ്ലദേശിലെ ഓറകാണ്ടിയിലെ ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചതിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ വിമർശനം.
മാതുവ സമുദായത്തിലെ വലിയൊരു വിഭാഗം ബംഗാളിലും താമസിക്കുന്നുണ്ട്. ഇവരുടെ വോട്ട് പല മേഖലകളിലും നിർണായകവുമാണ്. ഇന്ത്യയിൽനിന്ന് ഓറകാണ്ടിയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശിലേക്ക് പോയത്. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികാഘോഷച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.
English Summary: "Your Visa Should Be Cancelled": Mamata Banerjee On PM's Bangladesh Trip