കൊക്കയിൽ കാട്ടുപന്നിയും കുറുക്കനും ഒപ്പം കാട്ടുതീയും; വേദനയോടെ ഒരു പകലും രാത്രിയും
Mail This Article
കുളമാവ് ∙ നാടുകാണി പവിലിയനിൽ യുവാവ് 250 അടി ആഴമുള്ള കൊക്കയിൽ തള്ളിയിട്ട പെൺകുട്ടി കൊക്കയിൽ വീണുകിടന്നത് ഒരു പകലും രാത്രിയും.വ്യാഴാഴ്ച സ്‌കൂളിൽ പോകുകയാണെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിനി വൈകിട്ട് തിരിച്ചുവന്നില്ല. തുടർന്ന് രക്ഷിതാക്കൾ വൈകിട്ട് കാഞ്ഞാർ പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു.കൊക്കയിൽ വീണ പെൺകുട്ടിക്ക് രാത്രിയായപ്പോഴേക്കും പാതി ബോധം തെളിഞ്ഞു. പരുക്കുകൾ കാരണം ഇവിടെ നിന്നു രക്ഷപ്പെടാനും കഴിഞ്ഞില്ല.
കാട്ടുപന്നിയും കുറുക്കനുമടക്കമുള്ള പ്രദേശമാണിവിടം. ഇതിനിടെ ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുതീയും പടർന്നു. ഇവയെല്ലാം അതിജീവിച്ചാണ് പെൺകുട്ടി ഇന്നലെ പുലർച്ചെ വരെ കഴിച്ചുകൂട്ടിയത്.പൊലീസ് ആദ്യം കണ്ടെത്തിയത് യുവാവിന്റെ മൃതദേഹമാണ്. പിന്നീട് പെൺകുട്ടിയുടെ പേര് ഉച്ചത്തിൽ വിളിച്ച് പാറക്കെട്ടുകൾക്കിടയിൽ തിരച്ചിൽ നടത്തി. പതിഞ്ഞ ശബ്ദത്തിൽ പെൺകുട്ടി വിളി കേട്ടു.
ജീവനോടെയുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും പാറക്കെട്ടുകൾക്കിടയിലൂടെ അടുത്തെത്താൻ സാധിക്കാത്തതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. എല്ലുകൾക്ക് പൊട്ടൽ ഉള്ളതിനാൽ പെൺകുട്ടി കടുത്ത വേദനയിൽ കരയുന്നുണ്ടായിരുന്നു. ഏറെ അവശതയിലായിരുന്ന പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്‌സിനെ (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അലക്സും പ്ലസ് ടു വിദ്യാർഥിനിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ബൈക്കിൽ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു.
English Summary: Miraculous escape for girl in Nadukani Pavilion