മരിച്ച വൈഗയുടെ അച്ഛന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നതായി സ്ഥിരീകരണം
Mail This Article
കൊച്ചി∙ കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ വൈഗയുടെ (13) അച്ഛന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. വൈഗയുടെ അച്ഛൻ സനു മോഹന്റെ കാർ കഴിഞ്ഞ തിങ്കൾ പുലർച്ചെ രണ്ടിനാണ് ചെക്പോസ്റ്റ് കടന്നുപോയിരിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാർ കണ്ടെത്തുന്നതിനായി കോയമ്പത്തൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിങ്കൾ ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം. മകൾക്കൊപ്പം ഞായറാഴ്ച കാണാതായ സനു മോഹനായി പുഴയിലടക്കം തിരച്ചിൽ നടത്തിയിരുന്നു.
സനുവും പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സ് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും മുട്ടാർ പുഴ മുഴുവനായും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പുഴയിൽ ചാടിയിട്ടുണ്ടെങ്കിൽ മൃതദേഹം ഉയർന്നുവരേണ്ട സമയം കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.
വാഹനവുമായി പുഴയിൽ ചാടിയോ അതോ മകളെ പുഴയിൽ തള്ളിയിട്ട ശേഷം മറ്റെവിടേക്കെങ്കിലും പോയോ എന്നുമുള്ള സംശയത്തിനിടയിലാണ് സനു മോഹന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിക്കുന്നത്.
English Summary: Vaiga’s death: Mystery deepens, Father’s car seen crossing Walayar toll booth