പട്ടികയിലെ പിഴവ് ഗുരുതരം; ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കണം: ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത്രയധികം ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെങ്കില്‍, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ്, ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഇരട്ട വോട്ട് തടയാന്‍ പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ ഇത്തരം പിഴവുകളുണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍പട്ടികയില്‍ 4 ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജവോട്ടുകളുമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജി. എന്നാല്‍ സ്വന്തം വീഴ്ച മറച്ച് വച്ച് പൂര്‍ണമായി കൈകഴുകുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. പിഴവുകള്‍ ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവിന്‍റെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സത്യവാങ്മൂലം. വോട്ടര്‍പട്ടികയിലെ പിഴവുകള്‍ ചെന്നിത്തല യഥാസമയം ചൂണ്ടിക്കാണിച്ചില്ലെന്നും ചെന്നിത്തലയുടെ ഹര്‍ജി 11–ാം മണിക്കൂറിലാണെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരണം. തിരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടര്‍പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തു.
ഈ ന്യായീകരണം തള്ളിയ ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ഇരട്ടവോട്ടുകള്‍ തടയാന്‍ എന്ത് നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു. ഇരട്ടവോട്ടുകള്‍ ജനാധിപത്യത്തില്‍ മായം ചേര്‍ക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
English Summary: Assembly Election: High Court on Bogus Vote