ടിപിയുടെ ഓർമത്തണലിൽ പ്രചാരണം; രമയ്ക്കിതു തിരഞ്ഞെടുപ്പല്ല, പോരാട്ടം
Mail This Article
‘‘രാവിലെ രാഷ്ട്രീയപ്രവർത്തനത്തിനു വീട്ടിൽ നിന്നിറങ്ങുന്ന വ്യക്തി വൈകിട്ട് വീട്ടിൽ തിരിച്ചുവരുമെന്ന ഉറപ്പാണ് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം’’ – ആർഎംപി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിവസം വടകരയിൽ ചേർന്ന തിരഞ്ഞെടുപ്പു കൺവൻഷനിൽ കെ.കെ. രമ പറഞ്ഞ വാക്കുകൾ. വിപ്ലവങ്ങളുടെ വീരഗാഥ പാടുന്ന വടകരയിൽ രമ അങ്കത്തിനിറങ്ങുമ്പോൾ കേരളത്തിന്റെ മനസാക്ഷിയിൽ ഇനിയുമുണങ്ങാത്ത 51 വെട്ടുകളുടെ മുറിപ്പാടുകൾ തെളിഞ്ഞുവരും. എട്ടു വർഷം മുൻപു കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരൻ അതിൽ അദ്യശ്യസാന്നിധ്യമാകും. എന്നാൽ അക്രമരാഷ്ട്രീയത്തെക്കുറിച്ചും ടി.പി. വധത്തിൽ സിപിഎമ്മിനുണ്ടെന്നു പറയുന്ന പങ്കിനുമപ്പുറം രമ പറയുന്നത് വടകരയുടെ വികസനത്തെക്കുറിച്ചാണ്. ‘‘വടകരയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഈ മത്സരം. വികസനത്തിൽ 40 വർഷം പിന്നിലാണു വടകര. ആസൂത്രണമോ, കാഴ്ചപ്പാടോ ഇല്ലാത്ത പദ്ധതികളാണ് വടകരയിൽ നടപ്പാക്കിയതെല്ലാം. ഇതിനു മാറ്റമുണ്ടാകും.’’
∙ ഓർമകളുടെ കൈപിടിച്ച് ഓട്ടപ്രദക്ഷിണം
കെ.കെ.രമയുടെ പ്രചാരണ വഴികളിലെല്ലാം ടി.പി.ചന്ദ്രശേഖരന്റെ ഓർമ കൈ പിടിക്കാനെത്തും. കഴിഞ്ഞ ദിവസം കാണുമ്പോൾ വടകര കോടതിയിലായിരുന്നു രമയുടെ പര്യടനം. ടി.പി.വധക്കേസിൽ വിചാരണയ്ക്കു മുൻപുവരെയുള്ള എല്ലാ നടപടികൾക്കും വേദിയായ കോടതിയങ്കണം. പിടികൂടിയ പ്രതികളെയെല്ലാം ആദ്യം ഹാജരാക്കിയ ഇതേ കോടതിയിലാണ് കാത്തിരുന്നവരുടെ കണ്ണുവെട്ടിച്ചു ചിലർ കീഴടങ്ങിയതും.
അന്നുണ്ടായിരുന്ന കോടതി ജീവനക്കാർ, അഭിഭാഷകർ എല്ലാം ഇപ്പോഴുമുണ്ടവിടെ. ടിപിയുടെ ഓർമകൾ ചുറ്റും നിറയുമ്പോൾ രമയുടെ സ്വരം ഇടറുന്നില്ല, കൂടുതൽ ഉറച്ചതാകുന്നു. ‘കൂടെയുണ്ടാകണം, പിന്തുണ വേണ’മെന്ന് നെഞ്ചിൽ കൈവച്ച് ഓരോരുത്തരെയും ഓർമിപ്പിക്കുന്നു.
വലിയ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ അല്ല ഈ പ്രചാരണം. ആർഎംപിയുടെയും യുഡിഎഫിന്റെയും കുറച്ചു നേതാക്കൾ. പക്ഷേ രമ കടന്നുപോകുന്ന വഴികളിൽ കൊച്ച് ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നു. ചുറ്റും കൂടുന്ന ഓരോരുത്തരെയും അഭിസംബോധന ചെയ്യുന്നു. ഇരിപ്പിടത്തിൽ ജോലി തുടരുന്നവരെ അടുത്തെത്തി കാണുന്നു. ദൂരെ നിന്നു പാളി നോക്കുന്നവരോടു ഒരു വെറുംനോട്ടം കൊണ്ടു കാര്യം പറയുന്നു. വോട്ടർഭ്യർഥനയ്ക്കു മറുപടിയായി ചില സ്ത്രീകൾ രമയെ ചേർത്തിപിടിക്കുന്നു. ചിലർ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു. ആ കൂട്ടത്തിൽ മുൻപരിചയമില്ലാത്തവരുമുണ്ട്. എല്ലാം പക്ഷേ നിമിഷനേരം കൊണ്ടു കഴിയും. അത്രയും വേഗത്തിലാണ് സ്ഥാനാർഥിയുടെ ഓട്ടം.
∙ രമ ജയിക്കുമോ? മറുപടിയും ഒരു ചോദ്യം
വടകരയുടെ വികസനത്തിനു വേണ്ടിയാണ് താൻ വോട്ടുചോദിക്കുന്നത് എന്നു രമ പറയുന്നു. ആരോഗ്യം, മാലിന്യ നിർമാർജനം, ശുദ്ധജലവിതരണം തുടങ്ങി സകല മേഖലകളിലും വടകര പിന്നിലാണ്. രാവിലെ ആറിന് തുടങ്ങുന്ന പ്രചാരണമാണ്. നേരിൽ കാണാൻ കഴിയാത്തവരെ ഫോണിൽ വിളിച്ചു സംസാരിച്ചാണു തുടക്കം. 7.30ന് പ്രവർത്തകർക്കൊപ്പം പുറത്തേക്ക്.
കഴിഞ്ഞ ദിവസം താഴയങ്ങാടി മാർക്കറ്റിലും അടക്കാത്തെരുവിലുമായിരുന്നു ആദ്യം വോട്ടുചോദിച്ചിറങ്ങിയത്. അതിനു ശേഷം ലീഗ് നേതാവ് എം.സി.വടകരയുടെ വീട്ടിൽ പ്രഭാതഭക്ഷണം. ഗവ.ആശുപത്രിയിലും സിവിൽ സ്റ്റേഷനിലു കോടതിയിലും വോട്ടു തേടിയ ശേഷം ബുസ്താനിയ വനിതാ കോളജിലേക്ക്. വൈകിട്ട് നാദാപുരം റോഡിലെ കൺവൻഷൻ കഴിഞ്ഞിട്ടും തിരക്കു തീരുന്നില്ല. പാതിരാവോളം നീളുന്ന ഗൃഹസന്ദർശനങ്ങൾ.
വടകര താലൂക്ക് ഓഫിസിലേക്കു രമയെത്തുമ്പോൾ മുന്നിലെ തട്ടുകടയിൽ കൈനാട്ടി സ്വദേശി അഹമ്മദും അഷ്റഫുമുണ്ട്. റേഷൻ കാർഡിന് അപേക്ഷിക്കാൻ എത്തിയതാണ്. രമയോട് അൽപം സംസാരിച്ചു വോട്ടുറപ്പ് നൽകി, ഒരു ചായയ്ക്കും ക്ഷണിച്ചാണ് അഹമ്മദിരുന്നത്. ചായ സ്നേഹത്തോടെ നിരസിച്ച് രമ തിടുക്കത്തിൽ ഓഫിസിൽ വോട്ടുചോദിക്കാനായി നീങ്ങി. തട്ടുകടയ്ക്കു പുറത്തിട്ട മരബഞ്ചിലിരുന്ന മൂന്നാമന് സംശയം– രമ ജയിക്കുമോ? പാതി കുടിച്ച ചായ ഗ്ലാസിൽ നിന്നു മുഖമുയർത്തി അഹമ്മദ് തിരിച്ചു ചോദിച്ചു – ജയിക്കണ്ടേ?
സപ്ലെ ഓഫിസിൽ വോട്ടു ചോദിച്ചു അടുത്ത സ്ഥലത്തേക്കുള്ള കുതിപ്പിലാണ് രമ. ഒപ്പമെത്താൻ കൂടെയുള്ളവർ പാടുപെടുന്നു. വെള്ളം കുടിക്കാനുള്ള ഇടവേള പോലുമില്ല. കാരണം രമയ്ക്കിതു തിരഞ്ഞെടുപ്പല്ല, പോരാട്ടമാണ്.
English Summary: KK Rema Campaign at Vadakara, Kerala Assembly Polls 2021