ADVERTISEMENT

ബെംഗളൂരു ∙ മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വിഡിയോ കേസിലെ പരാതിക്കാരി കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ചതെന്നു പറയപ്പെടുന്ന കത്ത് പുറത്ത്. തനിക്കുനേരെയുള്ള ഭീഷണി ശ്രദ്ധിക്കണമെന്നും, കേസ് ഏറ്റെടുക്കണമെന്നും, സംരക്ഷണം നൽകാനും നീതി നടപ്പാക്കാനും സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്നും മൂന്നു പേജുള്ള കത്തിൽ യുവതി കോടതിയോട് അഭ്യർഥിച്ചു. 

ബലാത്സംഗത്തിന് ഇരയായെന്നു പറഞ്ഞ യുവതി, ജാർക്കിഹോളിക്കെതിരെ പരാതി നൽകുകയും എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. ‘ജാർക്കിഹോളി വളരെ സ്വാധീനമുള്ള വ്യക്തിയാണ്. തന്നെ പരസ്യമായി ഭീഷണിപ്പെടുത്തി. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നീക്കാൻ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞു. തനിക്കും മാതാപിതാക്കൾക്കും ഭീഷണിയുണ്ട്. സംരക്ഷണം തരണമെന്നു പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐ‌ടി) അഭ്യർഥിച്ചിരുന്നു’– യുവതി പറഞ്ഞു.

എസ്‌ഐ‌ടി ഇതുവരെയും സംരക്ഷണം നൽകിയിട്ടില്ല. എസ്‌ഐടിയിൽ സ്വാധീനം ചെലുത്തി മാതാപിതാക്കൾക്കെതിരെ ജാർക്കിഹോളി ഗുരുതര ഭീഷണി ഉയർത്തുന്നു. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകുന്നതിൽനിന്നു തന്നെ തടയാനും പരാതിയുമായി ബന്ധപ്പെട്ടു കൂടുതൽ പ്രസ്താവന നടത്തുന്നത് ഒഴിവാക്കാനും ശ്രമമുണ്ടായി. ജാർക്കിഹോളിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഈ കേസിലും തെളിവുകൾ നശിപ്പിക്കുകയാണ്. ജാർക്കിഹോളി വഞ്ചിച്ചെന്ന തരത്തിലുള്ള വിഡിയോ പ്രസ്താവനകളും യുവതിയുടേതായി പുറത്തുവന്നു.

ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചുള്ള യുവതിയുടെ കത്ത് ഭയപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. ‘കർണാടകയിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടോ? ആത്മഹത്യയ്ക്കു ശ്രമിച്ചതായി സിഡിയിലെ യുവതി അവകാശപ്പെട്ടു. ഇപ്പോൾ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറയുന്നു. ഇരയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അടക്കം മുഴുവൻ സർക്കാരിനും ഉത്തരവാദിത്തമുണ്ടാകും’– സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

അതേസമയം, കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറാണു യുവതിയെ നിയന്ത്രിക്കുന്നതെന്നു പിതാവ് ആരോപിച്ചു. സമ്മർദത്തിൽപ്പെട്ടു പ്രസ്താവനകൾ നടത്തരുതെന്നു മകളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: Sex CD case: Woman writes to Karnataka chief justice; her dad targets Shivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com