ADVERTISEMENT

കയ്റോ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവർ ഗിവണിന് അനക്കംവച്ചു തുടങ്ങി. തിങ്കളാഴ്ച രാവിലെ സൂയസ് കനാൽ അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാകും വിധം പ്രശ്നം ഇനിയും പരിഹരിക്കാനായിട്ടില്ല. അതിന് ഇനിയും പ്രയത്നമേറെയുണ്ട്. ഇതോടെ കപ്പൽപ്പാത ഉടൻ തുറന്നേക്കുമെന്ന പ്രതീക്ഷയും ഉടലെടുത്തു. പ്രാദേശിക സമയം പുലർച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയത്.

എവർ ഗിവണിനെ തിങ്കളാഴ്ചതന്നെ വേലിയേറ്റ സമയത്ത് കൂടുതൽ ചലിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കനാൽ അതോറിറ്റിയും ഡച്ച് കമ്പനിയായ സ്മിത്ത് സാൽവജും. ടഗ്ഗ് കപ്പലുകൾ ഉപയോഗിച്ച് വലിച്ചുമാറ്റാനാണു ശ്രമം. കപ്പലിനെ മാറ്റിയാലുടൻ കനാൽ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. സൂയസിൽ കാത്തുകിടക്കുന്ന 369 കപ്പലുകളും കപ്പൽപ്പാത തിങ്കളാഴ്ചതന്നെ തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ്.

കനാലിന്റെ കിഴക്കൻ തീരത്ത് അടിഞ്ഞ ബൽബസ് ബോ തീരത്തുനിന്ന് അനക്കാൻ സാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഒരു സെക്കൻഡ് പോലും പാഴാക്കാതെയുള്ള പ്രവർത്തനമാണ് തുടരുന്നതെന്നും തിങ്കളാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കനാൽ അതോറിറ്റി ചെയർമാൻ ഒസാമ റാബി പറഞ്ഞു. (ഇന്ത്യൻ സമയത്തേക്കാൾ മൂന്നര മണിക്കൂർ പിന്നിലാണ് ഈജിപ്ഷ്യൻ സമയം).

ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്. ഇരുനൂറോളം ചരക്കുകപ്പലുകൾ ഇരുവശത്തും പെട്ടതോടെ സ്ഥിതി സങ്കീർണമായി. കോവിഡ് മൂലമുള്ള വ്യാപാരതകർച്ചയ്ക്കു പിന്നാലെയാണ് ഈ പ്രതിസന്ധി.

പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33% ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ്, ഇതാകട്ടെ ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും. പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ തുറമുഖങ്ങളും ഈ പ്രതിസന്ധിയുടെ ഫലമനുഭവിക്കും. കപ്പലുകൾ ചരക്കിറക്കി മടങ്ങാനായി പതിവിലേറെ കാത്തുകിടക്കേണ്ടിവരും. കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്.

English Summary: Stranded Suez Canal ship re-floated: Inchcape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com