ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനസര്‍ക്കാരിന്റെ ദ്രോഹം മൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കരാര്‍, തുറമുഖങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക ഫീസ് തുടങ്ങിയ സംസ്ഥാനസര്‍ക്കാരിന്റെ നടപടികളാണ് അവരെ ഭീതിപ്പെടുത്തുന്നത്. മോദിസര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ഭയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലത്തീന്‍ സമുദായനേതാക്കളും പുരോഹിതന്മാരും ആലപ്പുഴ ബിഷപ്പും അടക്കമുള്ളവര്‍ കഴിഞ്ഞദിവസം കണ്ടപ്പോള്‍ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. തീരത്തോടടുത്ത് കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് മത്സ്യപ്രജനനത്തിന് പ്രത്യേകപദ്ധതി കൊണ്ടുവന്നിട്ടുണ്ട്. 200ലധികം കടലോര ഗ്രാമങ്ങളെ സ്മാര്‍ട്ട് വില്ലേജുകളാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഫിഷറീസ് വകുപ്പിനായി പ്രത്യേകമന്ത്രാലയം രൂപീകരിച്ചത് ഭാരതത്തില്‍ നീല വിപ്ലവത്തിന് വഴിതുറന്നു. 2014ന് ശേഷം 9600 കോടിരൂപ മത്സ്യബന്ധനമേഖലയില്‍ ചെലവഴിക്കാന്‍ മോദിസര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പുതുതായി നിര്‍മിച്ച 9 ഹാര്‍ബറുകളില്‍ നാലെണ്ണത്തിന്റെ നിര്‍മാണത്തിന് 75 ശതമാനം പണവും നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. പക്ഷേ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരെയും പിണറായി സര്‍ക്കാര്‍ ക്ഷണിച്ചില്ല. രൂക്ഷമായ കടലാക്രമണം നേരിടുന്ന കേരളതീരത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ ഇതുവരെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തില്‍ വരികയോ നേരിട്ടു കാണുകയോ ചെയ്തിട്ടില്ല.

രാജ്യാന്തര കടല്‍പ്പാത സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും. മൂന്നുലക്ഷം രൂപയുടെ കടത്തിലേക്ക് കേരളത്തെ എത്തിച്ച കമ്മി സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. ഇവിടെ കമ്മിഷന്‍ കൊടുക്കാതെ ഒന്നും നടക്കില്ല. കമ്മിഷന്‍ പണം കൊണ്ടാണ് സര്‍ക്കാര്‍ പോലും തുടരുന്നത്. ഇത് ജനസമ്മതിയുള്ള സര്‍ക്കാരല്ല മറിച്ച് കമ്മിഷന്‍ സര്‍ക്കാരാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പിണറായി സര്‍ക്കാര്‍ ലൗജിഹാദും ഹലാലും പ്രോത്സാഹിപ്പിക്കുകയാണ്.

ലോകം കേരളത്തെ അറിയുന്നത് നാളികേരത്തിന്റെയും കയറിന്റെയും പേരിലാണ്. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ നടത്തിയിരുന്നവര്‍ ഇടതുസര്‍ക്കാരിന്റെ തെറ്റായ നയം മൂലം അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ഫിഷറീസ് മന്ത്രാലയം വേണമെന്നാണ് അടുത്തിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2019ല്‍ തന്നെ മോദിസര്‍ക്കാര്‍ ഇതു പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല.

അദ്ദേഹം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഫിഷറീസ് മന്ത്രി എന്ന നിലയില്‍ എന്നോട് പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. അതിനുള്ള കൃത്യമായ മറുപടിയും നല്‍കിയിരുന്നു. പിന്നെ എന്തിനാണ് അദ്ദേഹം ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നതെന്ന് അറിയില്ല. മുൻപു ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരം തേടി പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചത് രാഹുല്‍ തന്നെയാണോ അതോ മറ്റ് വല്ല തട്ടിപ്പുകാരുമാണോ എന്നും ഗിരിരാജ് സിങ് ചോദിച്ചു.

English Summary: Union Minister Giriraj Singh Slams Kerala Government Over Deep Sea Trawling Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com