ക്യാപ്റ്റനും ജീവനക്കാരും വീട്ടുതടങ്കലിലാകുമോ? കപ്പല്‍ നീങ്ങിയെങ്കിലും ആശങ്ക ബാക്കി
Mail This Article
ഹൈദരാബാദ്∙ സൂയസ് കനാലില്‍ മാര്‍ച്ച് 23ന് കുടുങ്ങിയ ‘എവര്‍ ഗിവണ്‍’ എന്ന കൂറ്റന്‍ കപ്പല്‍ തിങ്കളാഴ്ച വലിച്ചു മാറ്റിയെങ്കിലും അതിലെ 25 ഇന്ത്യക്കാരുള്‍പ്പെടെയുളള ജീവനക്കാര്‍ക്കെതിരെ സൂയസ് കനാല്‍ അതോറിറ്റി ഏതു തരത്തിലാണ് നടപടി സ്വീകരിക്കുക എന്നതിൽ ആശങ്ക.
ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമനടപടി ഇവര്‍ നേരിടേണ്ടിവരുമെന്ന ആശങ്കയാണ് കേന്ദ്രസര്‍ക്കാരിനും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കുമുള്ളത്. ക്യാപ്റ്റനെയും ചില ജീവനക്കാരെയും കൂടുതല്‍ സഞ്ചരിക്കാന്‍ അനുവദിക്കാതെ വിലക്കിയേക്കാം. അപകട കാരണത്തെക്കുറിച്ചുള്ള അനേഷണം പൂര്‍ത്തിയാകുന്നതു വരെ ഇവരെ വീട്ടുതടങ്കലിലാക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ഇതേക്കുറിച്ചൊന്നും കപ്പലിന്റെ ഉടമസ്ഥര്‍ പ്രതികരിച്ചില്ല. ജീവനക്കാരെ ബലിയാടുകളാക്കാന്‍ സാധ്യതയുണ്ടെന്ന വലിയ അപകടം നിലനില്‍ക്കുന്നുണ്ടെന്ന് ഷിപ്പിങ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് 23-ന് കപ്പല്‍ കനാലില്‍ കുടുങ്ങിയതോടെ വലിയ ഗതാഗത തടസമാണ് ഉണ്ടായത്. ഏതാണ്ട് നാനൂറോളം കപ്പലുകള്‍ കുടുങ്ങുകയും കോടികളുടെ നഷ്ടമുണ്ടാകുകയും ചെയ്തു. കപ്പലിലെ 25 ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നു മാത്രമാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ജീവനക്കാര്‍ സമ്മര്‍ദത്തിലാണെന്ന് നാഷനല്‍ യൂണിയന്‍ ഓഫ് സീഫാറേഴ്‌സ് ഓഫ് ഇന്ത്യ അറിയിച്ചു. അവര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് സംഘനയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ഗാനി സെരാങ് പറഞ്ഞു.
English Summary: Suez blockage ends, but Indian crew may face legal charges