ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് 6.4 ശതമാനമായും കുറച്ചു.
നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശനിരക്ക് ഏപ്രിൽ 1 മുതൽ 5.9% ആയിരിക്കും. സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് 6.9 ശതമാനമായിരിക്കും. മുതിർന്ന പൗരന്മാർക്കുള്ള അഞ്ച് വർഷത്തെ സേവിങ്സ് പദ്ധതിയുടെ പലിശ 6.5 ശതമാനമായും കുറച്ചു. മൂന്നു മാസം കൂടുമ്പോഴാണ് ഈ പദ്ധതിയിൽ പലിശ നൽകുന്നത്.
കിസാൻ വികാസ് പത്രയുടെ (കെവിപി) പലിശ നിരക്ക് 6.2 ശതമാനമായി കുറച്ചു. പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായി കുറച്ചിട്ടുണ്ട്. ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.4– 5.1 ശതമാനം വരെ പലിശ ലഭിക്കും. അഞ്ച് വർഷത്തെ റെക്കറിങ് ഡെപ്പോസിറ്റിന് 5.8 ശതമാനമാണ് പലിശ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് ചെറുനിക്ഷേപങ്ങളുടെ പലിശനിരക്ക് കേന്ദ്ര സർക്കാർ കുറയ്ക്കുന്നത്.
English Summary: Interest Rates On Small Savings Cut, PPF Down From 7.1% To 6.4%