ബംഗാളിൽ പോളിങ് 80.43%, അസമിൽ 73.03%; വോട്ടെടുപ്പ് സമാധാനപരമെന്ന് തിര.കമ്മിഷൻ
Mail This Article
കൊൽക്കത്ത∙ ബംഗാളിലെയും അസമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ലഭ്യമായ കണക്കുപ്രകാരം യഥാക്രമം 80.43, 73.03 ശതമാനം വീതം പോളിങ്. ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 69 മണ്ഡലങ്ങളിലേക്ക് 21,212 പോളിങ് സ്റ്റേഷനുകളിലായി നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടിയ നന്ദിഗ്രാമിലേക്കായിരുന്നു എല്ലാ കണ്ണുകളും. ആദ്യഘട്ട വോട്ടെടുപ്പിനിടയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ബംഗാളിൽ കനത്ത പോരാട്ടം നടക്കുന്ന നന്ദിഗ്രാമിലെ പോളിങ് ബൂത്തുകളിൽ ചിലത് മമത സന്ദർശിച്ചു.
ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപുര്‍, കിഴക്കന്‍ മിഡ്നാപുര്‍, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണു വോട്ടെടുപ്പ് നടന്നത്. നന്ദിഗ്രാമില്‍ വീല്‍ചെയറിലെത്തി മമതയും കേന്ദ്ര നേതാക്കളെ ഇറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിച്ചിരുന്നു. 651 കമ്പനി കേന്ദ്രസേനയെ ആണു വിന്യസിച്ചത്. അസമില്‍ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും അടക്കം 345 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.
English Summary: Assam, West Bengal Election 2021 Updates: Second phase of voting gets underway