ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി വിശേഷിപ്പിച്ചുള്ള പ്രചാരണങ്ങൾക്കെതിരെ ഇടതു നിരീക്ഷകൻ ഡോ. ആസാദിന്റെ കവിത. സമൂഹമാധ്യമത്തിലാണ് ആസാദ് കവിതയുമായി എത്തിയത്. ‘സഖാവേ എന്നു വിളിക്കാനാവാത്ത, ഒരുയരവും ഞങ്ങള്‍ക്കു താണ്ടാനില്ല. സഖാവേ എന്നാശ്ലേഷിക്കാനാവാത്ത, ഒരുന്മേഷവും ഞങ്ങളെ കുളിര്‍പ്പിക്കില്ല.’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാക്കൾ അണികളോടു പ്രകടിപ്പിക്കുന്ന ശരീരഭാഷയെയും കവിതയിൽ സൂചിപ്പിക്കുന്നുണ്ട്.

കവിത വായിക്കാം

ഞങ്ങള്‍ക്കു ക്യാപ്റ്റന്മാരില്ല.
കാരണം, ഞങ്ങള്‍ സഖാക്കളാണ്.
സഖാവേ എന്നു വിളിക്കാനാവാത്ത
ഒരുയരവും ഞങ്ങള്‍ക്കു താണ്ടാനില്ല.
സഖാവേ എന്നാശ്ലേഷിക്കാനാവാത്ത
ഒരുന്മേഷവും ഞങ്ങളെ കുളിര്‍പ്പിക്കില്ല.

അവന്‍/ള്‍ എന്റെ സഖാവ് എന്നതില്‍
കവിഞ്ഞൊരു പുരസ്കാരവും കിട്ടാനില്ല.
അവള്‍/ന്‍ എന്റെ സഖാവല്ല എന്നതില്‍
കവിഞ്ഞൊരു നിന്ദയും സഹിക്കാനില്ല.

കാരണം സഖാവ് എന്നതു വെറുംവാക്കല്ല.
സിരകളിലേക്കു പ്രവഹിക്കുന്ന വിളിയാണ്.
അറിയപ്പെടാത്ത അനേകരിലേക്കുള്ള
സാഹോദര്യത്തിന്റെ സ്നേഹപ്പാലമാണ്.

ഞങ്ങളിലൊരാളെ ക്യാപ്റ്റനെന്നു
അഭിസംബോധന ചെയ്യുമ്പോള്‍
ഒരു വിയോഗത്തിന്റെ നടുക്കമറിയും.
ഒരനാഥത്വത്തിന്റെ കാലഖേദമിരമ്പും.

ഞങ്ങളില്‍നിന്നും മുറിച്ചുമാറ്റപ്പെട്ട
അര്‍ബുദബാധിതമായ അവയവംപോലെ
ചോരയോട്ടം നിലച്ച ഞരമ്പുകള്‍,
തണുത്തുറഞ്ഞ ഒരുടല്‍ഛേദം.

ആജ്ഞയും വിധേയത്വവും കലഹിക്കുന്ന
നാളുകളെത്രയോ കടന്നുപോയി.
ആജ്ഞകള്‍ക്കു കാതോര്‍ത്തു കഴിയാന്‍
അടിമജീവിതങ്ങളിനി ബാക്കിയില്ല.

സാനിറ്റൈസര്‍ വച്ചുനീട്ടുന്ന
കൊച്ചുകുട്ടിയാണ് 
ഞങ്ങളുടെ ജനാധിപത്യം.
മുതിര്‍ന്നവരുടെ കൈകളിലെ കീടങ്ങള്‍
അവര്‍ക്കു തുടച്ചുനീക്കിയേ പറ്റൂ.

മാലചാര്‍ത്തിയാശ്ലേഷിക്കുന്ന സഖാക്കള്‍
നിശ്ശബ്ദമായ് ഒരു സംഗീതം പങ്കിടും.
അപശ്രുതികലര്‍ന്ന ആത്മരാഗത്തിന്റെ
ചകിതവെപ്രാളം അതു തട്ടിയെറിയും.

അവനവനില്‍ ശത്രുവെ പോറ്റുന്നവര്‍
വാക്കുകളും ആശ്ലേഷങ്ങളുമകറ്റും.
അടുപ്പങ്ങളില്‍നിന്നും രക്ഷനേടാന്‍
ക്യാപ്റ്റനെന്ന കട്ടിക്കുപ്പായമണിയും.

ഉറങ്ങാന്‍ ഇരുമ്പു മറകള്‍ വേണം.
യാത്രയ്ക്കു അകമ്പടി സേനകള്‍ വേണം.
ആകാശം മുട്ടുന്ന കട്ടൗട്ടുകള്‍കൊണ്ട്
അവനവനെ പെരുപ്പിച്ചു നിര്‍ത്തണം.

ഞങ്ങള്‍ക്കു പക്ഷേ ക്യാപ്റ്റനെ വേണ്ട.
ഭീരുക്കളുടെ ഒളിയിടങ്ങളേക്കാള്‍
പോരാളികള്‍ക്കു പ്രിയം ശവമാടമാണ്.
അതിനാല്‍ ഞങ്ങള്‍ സഖാക്കളാണ്.
സഖാക്കള്‍ മാത്രമാണ്...

English Summary : Dr Azad poetry on calling Pinarayi Vijayan 'Captain'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com