അപരൻമാരെ തടയിടാൻ ‘അപാര’ ആശയങ്ങളുമായി സ്ഥാനാർഥികൾ
Mail This Article
കോഴിക്കോട്∙ അപരൻമാരുടെ വിളയാട്ടത്തിനു തടയിടാൻ ‘അപാര’ ആശയങ്ങളുമായി സ്ഥാനാർഥികൾ. സ്ഥിരമായി അപരൻമാരെ ഇറക്കി വോട്ടുമറിക്കുന്ന രീതിയെ മറികടക്കാനാണ് ഒട്ടുമിക്ക സ്ഥാനാർഥികളും പുതുരീതികൾ പരീക്ഷിച്ചത്.
കുന്നമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണയ്ക്ക് രണ്ട് അപരന്മാരാണുള്ളത്. വോട്ടിങ് യന്ത്രത്തിൽ ആറാമതായാണ് ദിനേശ് പെരുമണ്ണയുടെ പേരുള്ളത്. ഏഴാമതായും എട്ടാമതായും അപരസ്ഥാനാർഥികളുമുണ്ട്. ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ ദിനേശിന് ‘കോണി’യും ‘കൈപ്പത്തി’ യും ചിഹ്നങ്ങളല്ല കിട്ടിയത്. ഓട്ടോറിക്ഷയാണ് ചിഹ്നമെന്നതിനാൽ ദിനേശ് പെരുമണ്ണയെ വോട്ടർമാർ എങ്ങനെ തിരിച്ചറിയുമെന്നതായിരുന്നു ആശങ്ക. എന്നാൽ ഇതിന് യുഡിഎഫുകാർ വഴിയും കണ്ടെത്തി.
‘ഡയമണ്ട് കട്ട്’ എന്നു പേരുള്ള പലഹാരത്തിനു നാട്ടിലെ വിളിപ്പേര് ‘ആറാംനമ്പർ’ എന്നാണ്. ബാലറ്റിൽ ദിനേശ് പെരുമണ്ണയും ആറാം നമ്പറിലാണ്. വീടുകൾ തോറും കയറിയിറങ്ങുന്ന യുഡിഎഫ് പ്രവർത്തകർ കയ്യിൽ ഒരു പൊതി ‘ആറാംനമ്പറും’ വാങ്ങിയാണ് പോയത്. വോട്ടുചെയ്യാനെത്തുന്നവർ ആറാംനമ്പർ തിന്നതിന്റെ ഓർമയിൽ ദിനേശിനെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ.
വടകരയിൽ യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർഥി കെ.കെ.രമയ്ക്ക് മൂന്ന് അപര സ്ഥാനാർഥികളുണ്ട്. കെ.കെ.രമയുടെ ചിഹ്നം ഫുട്ബോളാണ്. എന്നാൽ വിമത സ്ഥാനാർഥികളിൽ ഒരാളുടെ ചിഹ്നം ബലൂൺ ആണ്. വോട്ടർമാരെ ഫുട്ബോൾ ചിഹ്നം ഓർമിപ്പിക്കാൻ പ്രചാരണത്തിനു മുന്നിൽ കുട്ടികളെക്കൊണ്ട് ഫുട്ബോൾ തട്ടിച്ചു.
English Summary: Duplicate candidates in Assembly Election