ADVERTISEMENT

കോട്ടയം∙ കേരളത്തിലെ മൂന്നു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പു വോട്ടെടുപ്പിൽ 14 ജില്ലകളിലും പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കുറവ്. ഇത്തവണ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ്–78.40. രണ്ടാം സ്ഥാനത്ത് കണ്ണൂരും–77.78. അഞ്ചു വർഷം മുന്‍പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രണ്ടു ജില്ലകളായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ. എന്നാല്‍ 2016ൽ പോളിങ്ങിൽ മൂന്നാമതെത്തിയ എറണാകുളം ജില്ലയിൽ ഇത്തവണ 5.89 ശതമാനത്തിന്റെ കുറവുണ്ടായി.

ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ്–81.55%. കുറവ് തിരുവനന്തപുരം മണ്ഡലത്തിലും–61.92%. 2016ൽ ഏറ്റവും കുറവ് പോളിങ് പത്തനംതിട്ട ജില്ലയിലായിരുന്നു. പോസ്റ്റൽ വോട്ടുകൾ കൂടി ചേരുന്നതോടെ ഇത്തവണത്തെ അന്തിമ കണക്കുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. മലപ്പുറം ജില്ലയിൽ 2 മണ്ഡലം ഒഴികെ എല്ലായിടത്തും പോളിങ് ശതമാനം 70നു മുകളിലാണ്. പോളിങ് കുറഞ്ഞതാകട്ടെ വേങ്ങരയിലും പൊന്നാനിയിലും. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയിൽ 2016നേക്കാൾ പോളിങ് ശതമാനത്തിൽ 0.9% കുറവ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ആകെയുള്ള 140 മണ്ഡലങ്ങളിൽ ആറിടത്തു മാത്രമാണ് 2016ലേക്കാൾ പോളിങ് ശതമാനത്തിൽ നേരിയ വർധനവെങ്കിലും രേഖപ്പെടുത്തിയത്. മഞ്ചേശ്വരം (പോളിങ് 0.9%), മഞ്ചേരി (1.47), മലപ്പുറം (1.94), തിരൂരങ്ങാടി (0.22), ആറ്റിങ്ങൽ (1.23), ചിറയിൻകീഴ് (0.7) മണ്ഡലങ്ങളിലാണ് പോളിങ് വർധിച്ചത്. ശേഷിച്ച 134 മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിലും മുന്നണികളുടെ നെഞ്ചിടിപ്പേറ്റും വിധമാണ് പോളിങ്ങിലെ കുറവ്.

ഇത്തവണ ഏറ്റവും ചർച്ചയായ മണ്ഡലങ്ങളിലും പോളിങ് ഇടിഞ്ഞു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കുണ്ടറ, പത്തനാപുരം, കൊല്ലം, കോന്നി, റാന്നി, ആറന്മുള, കായംകുളം, അരൂർ, ഹരിപ്പാട്, പൂഞ്ഞാർ, പുതുപ്പള്ളി, ഏറ്റുമാനൂർ, പാലാ, ഉടുമ്പൻചോല, പിറവം, തൃപ്പൂണിത്തുറ, കളമശ്ശേരി, ഇരിങ്ങാലക്കുട, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, തൃത്താല, തവനൂർ, നിലമ്പൂർ, കോഴിക്കോട് സൗത്ത്, വടകര, ബാലുശ്ശേരി, കൽപറ്റ, മട്ടന്നൂർ, ധർമടം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് 2016ലേക്കാൾ 3.31 ശതമാനത്തിന്റെ കുറവാണ് പോളിങ്ങിൽ രേഖപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 6.18 ശതമാനമാണ് മുൻ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറഞ്ഞത്.

English Summary: Polling Percentage of 134 Constituencies in Kerala Marked Low Comparing 2016–Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com