വാക്സീൻ വിതരണം വൈകുന്നു: സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടിസ്
Mail This Article
ന്യൂഡൽഹി∙ വാക്സീൻ വിതരണം വൈകുന്നതിൽ, ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) ആസ്ട്രസെനക നോട്ടിസ് അയച്ചതായി സൂചന. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്നു വികസിപ്പിച്ച വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച്, വിതരണം ചെയ്യുന്നത്.
മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതിക്ക് കേന്ദ്ര നിയന്ത്രണം ഏർപ്പെടുത്തിയ നടപടികൾക്ക് ഉൾപ്പെടെ ആസ്ട്രസെനകയ്ക്ക് വിശദീകരണം നൽകാൻ പ്രയാസമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ പ്രതിമാസം 60 മുതൽ 65 വരെ ദശലക്ഷം ഡോസ് വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിക്കുന്നത്. ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സീൻ ഇന്ത്യയിൽ വിതരണം ചെയ്തു. 60 ദശലക്ഷം ഡോസ് കയറ്റുമതി ചെയ്തു.
കേന്ദ്ര സർക്കാരിന് കുറഞ്ഞ നിരക്കിൽ വാക്സീൻ നൽകുന്നതിന് ഏകദേശം 3000 കോടിയോളം രൂപ അടിയന്തരമായി ആവശ്യമുണ്ടെന്ന് പൂനാവാല അറിയിച്ചിരുന്നു. നേരത്തേ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ വാക്സീൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കഴിഞ്ഞ മാസം കരാർ ഒപ്പുവച്ചിരുന്നു. പുതിയ കരാർ അനുസരിച്ചു ജിഎസ്ടി അടക്കം ഡോസ് ഒന്നിന് 157.50 രൂപയാണ് വില. ആദ്യ ഓർഡർ ഡോസ് ഒന്നിന് 200 രൂപ എന്ന നിലയിലായിരുന്നു.
English Summary: AstraZeneca Legal Notice To Serum Institute Over Vaccine Delays: Sources