കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ
Mail This Article
കണ്ണൂർ∙ വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ(21) ആണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കമാണ് ഇന്നലത്തെ സംഘർഷത്തിലേക്ക് നയിച്ചത്. മൃതദേഹം ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും.
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു.
English Summary : League worker killed in Kannur