ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസിനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രിയെ കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. അദ്ദേഹത്തിന്റെ കൊച്ചുമകൻ ഇഷാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

cm-at-medical-college-kozhikode
കോവിഡ് ബാധയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ. ചിത്രം:സജീഷ് ശങ്കർ∙മനോരമ

ഭാര്യ കമല, കൊച്ചുമകൻ എന്നിവർക്കൊപ്പം രണ്ടു കാറുകളിലായാണ് മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി 7.50 ഓടെ മെഡിക്കൽ കോളജിലെത്തിയത്. വീണയും മരുമകൻ പി.എ. മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ചികിൽസയ്ക്കായി പ്രോട്ടോക്കോൾ പ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുനിൽ, ആർഎംഒ ഡോ.രഞ്ജിനി എന്നിവരുടെ മേൽനോട്ടത്തിലാണ് മുഖ്യമന്ത്രിയുടെ തുടർ ചികിൽസ നടത്തുക. എമർജൻസി മെഡിസിൻ, നെഞ്ചുരോഗവിഭാഗം, കാർഡിയോളജി, അനസ്തേഷ്യ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ചികിൽസാ സംഘത്തിലുണ്ട്.

cm-at-medical-college-1
കോവിഡ് ബാധയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ. ചിത്രം:സജീഷ് ശങ്കർ∙മനോരമ

ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോട്ടെക്ക് എത്തിക്കാനും തീരുമാനമായി. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് മൂന്നിന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ച പശ്ചാത്തലത്തിൽ സിറ്റി പൊലീസ് മേധാവി എ.വി.ജോർജിന്റെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പ്രത്യേക സുരക്ഷ ഒരുക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ല കലക്ടർ എസ്.സാംബശിവറാവുവും സ്ഥലത്തെത്തി.

English Summary: CM Pinarayi Vijayan tests positive for Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com