പോളിങ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകൾ മാറ്റാം; ചെന്നൈയിൽ നിന്നൊരു മാതൃക
Mail This Article
പോളിങ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകൾ പുതിയ കഥയല്ല. നടപടിക്രമങ്ങൾ ഓരോ തവണയും സങ്കീർണമാകുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ പരാതി പറയുമ്പോൾ ചെന്നൈയിൽ നിന്ന് ചില നല്ല മാതൃകകൾ കടമെടുക്കാനുണ്ടെന്നു പറയുകയാണ് ഏഴ് തവണ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന മലയാളി അധ്യാപകൻ കെ.ജെ അജയകുമാർ. 27 വർഷമായി അജയകുമാർ അവിടെ അധ്യാപകനാണ്.
നാൽപതോളം മണിക്കൂറുകൾ നീണ്ട വിശ്രമമില്ലാത്ത, മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയാത്ത, പ്രാഥമിക കാര്യങ്ങൾ പോലും നിയന്ത്രിക്കേണ്ടി വരുന്ന അധ്വാനത്തിനു ശേഷം പോളിങ് സാമഗ്രികൾ തൂക്കിപ്പിടിച്ച് യാത്ര ചെയ്ത് കലക്ഷൻ സെന്ററിൽ എത്തേണ്ട ഗതികേട് ചെന്നൈയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോളിങ് സാമഗ്രികൾ ബൂത്തുകളിലെത്തിക്കാനും തിരികെ വാങ്ങാനും പ്രത്യേകം സംവിധാനം അവിടെയുണ്ട്. കേരളത്തിലാകട്ടെ തലേന്ന് രാവിലെ കലക്ഷൻ സെന്ററിൽ ഉദ്യോഗസ്ഥരെത്തി മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് സാമഗ്രികൾ കൈപ്പറ്റുന്നത്.
ഇതും താങ്ങിപ്പിടിച്ച് ബൂത്തിലെത്തണം. പോളിങ്ങിനു ശേഷം രാത്രി വൈകി ക്യൂ നിന്ന് സമർപ്പിക്കണം. ഈ കഷ്ടപ്പാട് ഒഴിവാക്കാനാകുമെന്നാണ് അജയകുമാർ പറയുന്നത്. ചെന്നൈയിലെ വോട്ടിങ് ക്രമീകരണത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു– ‘സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ചെന്നൈയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ക്രമീകരണങ്ങൾ (തമിഴ്നാട്ടിൽ എല്ലായിടത്തും ഇങ്ങനെയാണോയെന്നറിയില്ല) കേരളത്തിലെ സമ്പ്രദായങ്ങളെക്കാൾ മെച്ചമാണെന്നാണ് അനുഭവം.
പോളിങ് ദിനത്തിന്റെ തലേന്ന് രാവിലെ 9ന് അതാത് മണ്ഡലങ്ങളിലെ ഏകോപന കേന്ദ്രങ്ങളിൽ നമ്മളെത്തണം. അവിടെ നമുക്ക് അനുവദിച്ച മുറിയിൽ അപ്പോയിൻമെന്റ് ഓർഡർ എത്തും. നമ്മുടെ ടീമിലെ എല്ലാവരുമെത്തിയാൽ നമുക്ക് അനുവദിച്ച ബൂത്തിലേക്ക് പോവാം. ആകെയുള്ളത് നമ്മുടെ ലഗേജ് മാത്രം. സ്വന്തം വാഹനവും ഉപയോഗിക്കാം. ഉച്ചയ്ക്ക് 2 മുതൽ 7 വരെയുള്ള സമയത്ത് ഉത്തരവാദപ്പെട്ട സോണൽ പാർട്ടി പോളിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ബൂത്തിലെത്തിക്കും. കേരളത്തിലേതു പോലെ കേന്ദ്രങ്ങളിൽ കാത്തുകെട്ടിക്കിടന്ന്, തിക്കിത്തിരക്കി എല്ലാം വാങ്ങിക്കെട്ടി തൂക്കിപ്പിടിച്ച് ബൂത്തുകളിലേക്ക് പോവേണ്ടതില്ല.
നമ്മുടെ ബാഗുകളും തൂക്കിപ്പിടിച്ച് നമ്മൾ നമ്മുടെ ബൂത്തുകളിലേക്ക് പോയാൽ മതി. ബൂത്തിൽ ഇലക്ട്രീഷ്യൻ, പൊലീസ് ഒക്കെ നമ്മളെ വന്നു കാണും.നമ്മളെല്ലാം ഒരുക്കുന്ന സമയത്ത് ഓരോ മണിക്കൂർ ഇടവിട്ട് സോണൽ ഇൻചാർജ് ഉദ്യോഗസ്ഥർ വന്ന് വേണ്ട സഹായങ്ങൾ ചെയ്യും. പോളിങ് ദിനത്തിൽ രാവിലെ 6ന് മോക്ക് പോളിങ് നടത്തുമ്പോഴും അവർ വരും. വൈകുന്നേരം 7ന് പോളിങ് കഴിഞ്ഞാൽ മെഷീനുകൾ സീൽ ചെയ്ത് ഏജന്റുമാരുടെ ഒപ്പുകൾ വാങ്ങിക്കഴിഞ്ഞ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അതെല്ലാം ഏറ്റുവാങ്ങാനും സോണൽ ഉദ്യോഗസ്ഥർ വരും.
നമുക്കുള്ള പ്രതിഫലവും കവറിലാക്കിത്തരും. ഒരുപക്ഷേ ആ വരവ് അൽപം വൈകിയേക്കാം. രാത്രി 12 മണി വരെയൊക്കെ ആവാം. എനിക്ക് രാത്രി 10ന് ഫ്രീ ആകാൻ സാധിച്ചു. അവർ വന്ന് എല്ലാം വാങ്ങിക്കൊണ്ടു പോയാൽ നമ്മൾ സ്വതന്ത്രരായി. കേരളം തമിഴ്നാടിനെ കണ്ടു പഠിക്കുമെന്ന് പ്രതീക്ഷിക്കാം. കാര്യങ്ങൾ ലഘൂകരിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല. പല കാര്യങ്ങളും വിചാരിച്ചാൽ മാറ്റാവുന്നതേയുള്ളൂ. "ഇതൊക്കെ ഇങ്ങനെ തന്നെ ചെയ്യണം" എന്ന സാമ്പ്രദായികമായ സമീപനം മാറ്റേണ്ടതാണ് എന്ന് പറയാതെ വയ്യ’
English Summary: Election procedure, Keralite teacher sharing Chennai experience