ADVERTISEMENT

കോഴിക്കോട്∙ നാദാപുരം നരിക്കോട്ടേരിയിലെ 16 വയസുകാരൻ അബ്ദുൽ അസീസിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണു നീക്കം. ആക്‌ഷൻ കമ്മിറ്റി പ്രവർത്തകരിൽ നിന്ന് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇന്നു വിവരങ്ങൾ ശേഖരിക്കും. അടുത്തിടെ പുറത്തു വന്ന വിഡിയോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഡിയോ ഒറിജിനൽ ആണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

2020 മേയ് 17നാണ്  പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽഅസീസ് (16)വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.അസീസ് തൂങ്ങിമരിച്ചതായി ബന്ധുക്കൾ നാദാപുരം പൊലീസിൽ വിവരം നൽകി, തുടർന്നു  പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിച്ചു. എന്നാൽ എസ്എസ്എൽസി വിദ്യാർഥിയും പഠനത്തിൽ മിടുക്കനുമായ അസീസ് ആത്മഹത്യ ചെയ്തെന്ന വാദം ശരിയല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ സർവകക്ഷി കർമസമിതി രൂപീകരിച്ചതോടെ  കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാൽ, ആത്മഹത്യ എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തൽ‌.

അടുത്തിടെ അസീസിനെ ജ്യേഷ്ഠൻ സഫ്‍വാൻ വീടിനുള്ളിൽ വച്ച് അതിക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യം പുറത്തു വന്നിരുന്നു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ വീണ്ടും രംഗത്തു വന്നു. ഇതേ തുടർന്നു കേസ് പുനരന്വേഷിക്കാൻ റൂറൽ എസ്പി ഡോ.എ.ശ്രീനിവാസ് ഉത്തരവിടുകയായിരുന്നു. കുടുംബാംഗങ്ങളായ ചിലരെ പൊലീസ് ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു. ഗൾഫിലുള്ള അസീസിന്റെ സഹോദരനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്.

പൊലീസ് പ്രധാനമായും ഉത്തരം തേടുന്ന ചോദ്യങ്ങൾ ഇവയാണ്

1. എന്നാണ് വിഡിയോ ചിത്രീകരിച്ചത്? കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണോ അതോ അതിനു മുൻപുള്ള ദിവസങ്ങളിൽ ചിത്രീകരിച്ചതാണോ?

2.ആരാണ് വിഡിയോ പകർത്തിയത്?

3. വിഡിയോ ചിത്രീകരിച്ചതിനു ശേഷം എന്തു സംഭവിച്ചു?

4. ഇത്ര നാൾ വിഡിയോ എവിടെയായിരുന്നു? 

5.  ഇപ്പോൾ പുറത്തു വരാൻ കാരണമെന്ത്?

5. വീട്ടിൽ മറ്റാരെങ്കിലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നോ?

ഇത്തരം കാര്യങ്ങൾക്ക് ഉത്തരം ലഭിച്ചാൽ മരണത്തിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ദുരൂഹത നീക്കാൻ  കഴിയുമെന്നാണു പൊലീസ് വിശ്വസിക്കുന്നത്.

അസീസിന്റെ മരണം സംബന്ധിച്ച് നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾ:

∙ മുറിയിലെ സീലിങിലെ ഹുക്കിൽ തയ്യൽ മെഷീന്റെ കയർ കുരുക്കി ആത്മഹത്യ ചെയ്തെന്നാണു വീട്ടുകാർ പറഞ്ഞത്. മരണ വിവരം അറിഞ്ഞു നാട്ടുകാർ വീട്ടിലെത്തുമ്പോഴേക്കും ബന്ധുക്കൾ മൃതദേഹം താഴെ ഇറക്കി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 

∙ അസീസിനെ സഹോദരൻ അടക്കമുള്ളവർ നിരന്തരം മർദിക്കാറുണ്ടെന്നും വീട്ടിൽ പീഡനത്തിനിരയാകാറുണ്ടെന്നും നാട്ടുകാർ മൊഴി നൽകിയിട്ടും പൊലീസ് ഇക്കാര്യങ്ങൾ അന്വേഷിച്ചില്ല. 

∙ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന വീടെന്ന അറിവുണ്ടായിട്ടും ആത്മഹത്യ എന്ന മുൻവിധിയോടെ അന്വേഷണത്തെ സമീപിച്ചു. 

∙വിഡിയോ ദൃശ്യങ്ങളിൽ സഹോദരൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്നതും അവസാനം കൈകാലുകൾ തളർന്ന് കഴുത്തു ചെരിഞ്ഞു വീഴുന്നതും ദൃശ്യത്തിൽ കാണാം. മരണത്തിനു സമാനമായ സാഹചര്യമാണു വിഡിയോയിൽ കാണുന്നത്. 

∙ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണിക്കാൻ വീട്ടുകാർ തയാറായില്ല. അതിനാൽ കൂടുതൽ മികച്ച നിയമോപദേശം തേടാൻ കഴിഞ്ഞില്ല.

മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടം പകർപ്പ് ലഭ്യമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആദ്യഘട്ടം മുതലേ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹി സൂപ്പി നരിക്കാട്ടേരി പറഞ്ഞു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോഴും വീഴ്ച പറ്റി. ഇതേ സംഘത്തെ വീണ്ടും അന്വേഷണം ഏൽപ്പിക്കരുതെന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും  റൂറൽ എസ്പിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുള്ളവരെ മുഴുവൻ മാറ്റിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും എസ്പി ഉറപ്പ് നൽകിയതായും സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

Content Highlights: Nadapuram teen's death investigation

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com