സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്; ‘പത്താം ക്ലാസ് വിദ്യാർഥിയും കസ്റ്റഡിയിൽ’
Mail This Article
കണ്ണൂർ∙ പൊലീസിന്റെ ഏകപക്ഷിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സമാധാന യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. യോഗം ബഹിഷ്ക്കരിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിരപരാധികളായ യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
കൊലപാതകം നടന്ന് മണിക്കൂറുകൾ ആയിട്ടും നാട്ടുകാർ പിടികൂടിയ പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസ് പ്രതികളെ അറസ്റ്റു ചെയ്യാതെ സിപിഎം ഓഫിസുകൾ ആക്രമിച്ചെന്നു പറഞ്ഞ് ലീഗ് പ്രവർത്തകരെ പിടികൂടി മർദിക്കുകയാണ്. ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതേണ്ട വിദ്യാർഥിയെ വരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിൽ നിന്നു നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിൽ ഇരിക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീഷൻ പാച്ചേനി ആരോപിച്ചു. അവരുമായി ചർച്ചയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളോട് മുൻപും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ആദ്യം പ്രതികളെ അറസ്റ്റ് ചെയ്യട്ടെയെന്നാണ് യുഡിഎഫ് നിലപാട്.
English Summary : UDF boycotts all party peace meeting