ADVERTISEMENT

ഗുവാഹത്തി ∙ അസമിൽ തിരഞ്ഞെടുപ്പ് ഫലം വരും മുൻപുതന്നെ, കുതിരക്കച്ചവടം തടയാൻ സ്ഥാനാർഥികളെ രാജസ്ഥാനിലേക്കു മാറ്റി പ്രതിപക്ഷ സഖ്യം. ബിജെപി വശീകരിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയ്ക്കിടയിലാണു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലെ 22 സ്ഥാനാർഥികളെ ജയ്പുരിലെ ‘സുരക്ഷിത താവളത്തിലേക്ക്’ കൊണ്ടുപോയത്. മേയ് രണ്ടിനാണു ഫലമറിയുക. ബിജെപി ‘ഓപ്പറേഷൻ താമര’ നടപ്പാക്കുമെന്ന ഭയത്തിലാണ് ഈ നീക്കം.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്), സിപിഎം, സിപിഐ തുടങ്ങിയ 10 പാർട്ടികളാണു കോൺഗ്രസ് സഖ്യത്തിലുള്ളത്. രാജസ്ഥാനിൽ നേരത്തേ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ടിലാണ് ഇവരെയും താമസിപ്പിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്. ‘തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നതു ബിജെപി പതിവാക്കിയതിനാൽ ജാഗ്രത പാലിക്കാൻ സഖ്യകക്ഷികൾ ആഗ്രഹിക്കുന്നു’ എന്നാണു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല ഇതേപ്പറ്റി പ്രതികരിച്ചത്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായ തരംഗം അസമിൽ ദൃശ്യല്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരത്തിലുള്ള ബിജെപി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും 100ൽ അധികം സീറ്റുകൾ നേടുമെന്ന അവകാശവാദം ഉന്നയിക്കുന്നു. 126 അംഗങ്ങളാണ് അസം നിയമസഭയിൽ. കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് നേടിയത് 60 സീറ്റാണ്.

English Summary: Assam Congress Alliance Candidates Flown To Jaipur Resort For Safekeeping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com