‘എനിക്കല്ല, അയാൾക്കാണ് അസുഖം’; കോവിഡ് രോഗിയുമായി പോകവെ ജ്യൂസ് കുടി- വിഡിയോ
Mail This Article
ഭോപാൽ ∙ കോവിഡ് കേസുകൾ കുതിക്കുന്നതിനിടെ മറ്റുള്ളവർക്കു രോഗം പകരുംവിധം അശ്രദ്ധയോടെ പെരുമാറിയ ആരോഗ്യ പ്രവർത്തകന്റെ വിഡിയോ വൈറലാകുന്നു. കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് വഴിയിൽനിർത്തി, പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ പുറത്തിറങ്ങി വഴിയോരക്കടയിൽനിന്നു ജ്യൂസ് ഓർഡർ ചെയ്യുന്ന വിഡിയോ ആണു പ്രചരിക്കുന്നത്.
വഴിയോരത്തു കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കടയ്ക്കു മുന്നിലാണു ആരോഗ്യ പ്രവർത്തകർ ആംബുലൻസ് നിർത്തിയത്. ഇതിൽ ഒരാൾ ആശങ്ക അറിയിച്ചപ്പോൾ, എനിക്കു കോവിഡ് ഇല്ലെന്നും അസുഖമുള്ളയാളെ കൊണ്ടുപോവുക മാത്രമാണു ചെയ്യുന്നത് എന്നുമായിരുന്നു മറുപടി. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ പുറത്തിറങ്ങി ജ്യൂസ് ഓർഡർ ചെയ്തു, മറ്റേയാൾ വാതിൽ തുറന്നുപിടിച്ചു മുന്നിലെ സീറ്റിലിരുന്നു. പുറത്തിറങ്ങിയ ആളുടെ മാസ്ക് മൂക്കിൽനിന്ന് ഊർന്നിറങ്ങി താടിയിലാണ് ഉണ്ടായിരുന്നത്.
ആംബുലൻസ് നിർത്തിയ സമയത്തു ധാരാളം പേർ സമീപത്തെ തിരക്കേറിയ റോഡിലൂടെ നടന്നു പോകുന്നതു വിഡിയോയിൽ കാണാം. രംഗം മൊബൈലിൽ ചിത്രീകരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ആരോഗ്യ പ്രവർത്തകൻ ഉടനെ മാസ്ക് ശരിയായി ധരിക്കുന്നതും വിഡിയോയിലുണ്ട്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലൊന്നാണു മധ്യപ്രദേശ്. 3,41,887 രോഗികളാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. 54,000ൽ പേർ മരണമടഞ്ഞു.
English Summary: 'He Has Covid, I Don't': Ambulance With Patient Stops At Juice Shop