ഇതു സർക്കാസമല്ല; ഷിബുലാൽജിയെ വേട്ടയാടി സൈബർ സഖാക്കളും
Mail This Article
സിപിഎമ്മിന്റെ സൈബർ മുഖമായിരുന്നു പ്രമോദ് മോഹൻ തകഴി. ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കിവന്ന പ്രമോദിന്റെ വിഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടത്. സിപിഎം പ്രവർത്തകർ തന്നെ സോഷ്യൽമീഡിയയിൽ അവ ആഘോഷമാക്കി. അതേ പ്രമോദ് ഇന്ന് സൈബർ ആക്രമണത്തെ നേരിടുകയാണ്, അതും സ്വന്തം പാർട്ടിക്കാരിൽ നിന്ന്.
തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമൊക്കെയാണ് ഭീഷണി, കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും വരെ തെറി, ജാതി അധിക്ഷേപം, വധഭീഷണി – തനിക്കൊപ്പം കുടുംബവും മാനസികമായി തകർന്നു പോയെന്ന് പ്രമോദ്. നാട്ടിൽ ചെറിയ ടൂറിസം സംരംഭവും പാർട്ടി പ്രവർത്തനവും നടത്തി കഴിയാമെന്ന പ്രതീക്ഷയിലാണ് ആറു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പ്രമോദ് ഏതാനും മാസങ്ങൾക്കു മുൻപ് നാട്ടിലെത്തിയത്.
ചില നേതാക്കളുടെ പ്രവർത്തനങ്ങളിൽ സംശയമുണ്ടെന്ന ഒറ്റ പോസ്റ്റിലാണ് പ്രമോദ് പാർട്ടി വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയത്. സഖാക്കളാരും അവന്റെ ഹൗസ് ബോട്ടിൽ കയറിപ്പോകരുതെന്ന് ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം വന്നു. സുഹൃത്തുക്കളുമായി ചേർന്ന് ലീസിനെടുത്ത് നടത്തുന്ന ഹൗസ് ബോട്ടിലെയും റിസോർട്ടിലെയും ബുക്കിങ്ങെല്ലാം കാൻസലായി. ‘‘ഇപ്പോൾ ‘അറബിക്കഥ’ എന്ന ചലച്ചിത്രത്തിലെ ശ്രീനിവാസന്റെ അവസ്ഥയാണ് എനിക്ക്. നാട്ടിൽ നിൽക്കാൻ അവർ സമ്മതിക്കില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും.’’ – പ്രമോദ് പറയുന്നു.
‘സഖാക്കൾ’ കണ്ടെത്തിയ ആ വലിയ തെറ്റുകൾ
സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങൾക്കു മുൻപ് പ്രമോദ് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് ശക്തമായ സൈബർ ആക്രമണം ഉണ്ടായപ്പോൾ, ഫെയ്സ്ബുക്കിലൂടെത്തന്നെ അതിനു മാപ്പു ചോദിച്ചു. എന്നാൽ പാർട്ടി സൈബർ കോടതികൾ മാപ്പുനൽകാൻ ഒരുക്കമായിരുന്നില്ല.
അച്ഛനും അമ്മയും രണ്ടു ജാതിക്കാരായതു കൊണ്ടാണ് നിലപാടുകൾ മാറുന്നതെന്നു വരെ സൈബർ സഖാക്കൾ കണ്ടെത്തി. ജാതി വിവരം നാട്ടിലെത്തന്നെ ചില സഖാക്കൾ കണ്ടെത്തി സൈബർ ഇടങ്ങളിലേക്കു കൈമാറിയതാണെന്നാണ് പ്രമോദിന്റെ സംശയം. അയൽക്കാരനും സുഹൃത്തുമായ ബിജെപി നേതാവ് പ്രൊഫൈൽ പിക്ചർ മാറ്റിയപ്പോൾ പ്രമോദ് കമന്റിൽ ഒരു ലൗ ഇട്ടിരുന്നു എന്നതുവരെ സൈബർ വിചാരണക്കാർ കണ്ടെത്തി.
ദുബായിൽ ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്തിരുന്ന പ്രമോദ് നാലു വർഷങ്ങൾക്കു മുൻപാണ് സർക്കാസം വിഡിയോകൾ ചെയ്തു തുടങ്ങിയത്. ഗുജറാത്തിൽ പട്ടേൽ പ്രതിമ സ്ഥാപിച്ചത് ഭൂമി കുലുക്കം തടയാനാണെന്നും പെട്രോൾ വില വർധന ഡോളർ വില ഇടിക്കാനാണെന്നുമൊക്കെ പറഞ്ഞുള്ള പ്രമോദിന്റെ വിഡിയോകൾ സർക്കാസമാണെന്ന് അറിയാതെ ചില സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെ ഷെയർ ചെയ്തുവന്നത് സോഷ്യൽ മീഡിയയിലെ വലിയ തമാശയായിരുന്നു. തന്റെ വിഡിയോകൾ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ വരെ ഷെയർ ചെയ്തിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
കൊന്നോളൂ, ഞാൻ ഈ പാർട്ടി വിടില്ല
മുപ്പത്തയ്യായിരത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫെയ്സ്‌ബുക് അക്കൗണ്ട് സൈബർ ആക്രമണത്തെ തുടർന്ന് പ്രമോദ് ഡീ ആക്ടിവേറ്റ് ചെയ്തു. അവൻ പണം തട്ടിപ്പു നടത്തുന്ന ഫ്രോഡ്ആണെന്നുള്ള കമന്റുകളൊക്കെ വരുമാന മാർഗം നശിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രമോദ് പറയുന്നു.
‘‘സ്വന്തം പാർട്ടിക്കു വേണ്ടി, മറ്റു പാർട്ടിക്കാരുടെയെല്ലാം വിരോധം വാങ്ങിയയാളാണ് ഞാൻ. ഇപ്പോൾ ഞാൻ പാർട്ടിയുടെയും അവരുടെയും ശത്രുവാണ്. പാർട്ടി പിന്തുണ ഉണ്ടെന്നതു മാത്രമാണ് എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്ന ഒരേയൊരാശ്വാസം. അതു നഷ്ടമായതോടെ വീട്ടുകാർക്ക് ഭയം തുടങ്ങി.’’– അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ പ്രമോദ് പറയുന്നു. ഇത്രയും ആക്രമണങ്ങളുണ്ടെങ്കിലും സ്വന്തം പ്രസ്ഥാനത്തെ വെറുക്കില്ലെന്നു തന്നെ പ്രമോദ് ഇപ്പോഴും പറയുന്നു. വേണമെങ്കിൽ എന്നെ കൊന്നോളൂ, പക്ഷേ ഒരിക്കലും ഞാൻ ഈ പാർട്ടി വിടില്ലെന്ന് പ്രമോദ്.
English Summary: Cyber attack against Pramod Mohan Thakazhy