‘17 ദിവസം കൂടി കിടന്നു’; കാലിത്തീറ്റക്കേസിൽ ലാലു 16ന് ജയിൽ മോചിതനായേക്കും
Mail This Article
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആർജെഡി ദേശീയ അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഈ മാസം 16ന് ജയിൽ മോചിതനായേക്കും. ലാലുവിന്റെ ജാമ്യഹർജി ജാർഖണ്ഡ് ഹൈക്കോടതി 16ന് പരിഗണിക്കും. ദുംക ട്രഷറി കേസ് ക്രമക്കേടിൽ ലാലു നൽകിയ ജാമ്യഹർജിയിൽ വാദം കേട്ട ജാർഖണ്ഡ് ഹൈക്കോടതി 16ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. 16ന് വിശദമായ വാദം കേട്ട് ജാമ്യ ഹർജിയിൽ വിധി പ്രഖ്യാപിക്കുമെന്ന് ജസ്റ്റിസ് അപരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര ഏജൻസികൾ കേസ് മനഃപൂർവം വൈകിപ്പിച്ച് ബിഹാർ മുൻ മുഖ്യനെ കൂടുതൽ സമയം ജയിലിൽ പാർപ്പിക്കാൻ അവസരമൊരുക്കുകയാണെന്ന് ലാലുവിന്റെ വേണ്ടി വിഡിയോ കോൺഫറൻസിലൂടെ ഹാജരായ കപിൽ സിബൽ വാദിച്ചു. ജാമ്യ ഹർജിയിൽ സത്യവാങ്മൂലം നൽകാൻ മൂന്നാഴ്ച സമയം ചോദിച്ച സിബിഐ അഭിഭാഷകനോട് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ദുംക ട്രഷറിയിൽ നിന്നു 3.13 കോടി രുപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയിൽ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 3 കേസുകളിൽ ജാമ്യം നേടിയ ലാലുവിനു ദുംക കേസിൽ കൂടി വിധി അനുകൂലമായാൽ പുറത്തിറങ്ങാം.
17 ദിവസം കൂടി ജയിലിൽ കിടന്ന് ജാമ്യ ഹർജി
ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് രണ്ടുവർഷമായി റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിനെ സ്ഥിതി വഷയാളതിനെത്തുടർന്ന് ജനുവരിയിൽ പ്രത്യേക വിമാനത്തിൽ ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നു. ശിക്ഷയുടെ പകുതി കാലാവധി ആർജെഡി മേധാവി പൂർത്തിയാക്കിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുവിന്റെ അഭിഭാഷകൻ ദേവശ്രീ മണ്ഡൽ ഹൈക്കോടതിയിൽ നേരത്തെ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ ഫെബ്രുവരി 17ന് ഹൈക്കോടതി ജാമ്യഹർജി തള്ളി. പകുതി പൂർത്തിയാകാൻ 17 ദിവസം കൂടി വേണമെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ ഇൗ കാലയളവ് പൂർത്തിയാക്കിയശേഷം വീണ്ടും ജാമ്യ ഹർജി നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
മെല്ലപ്പോക്കിനെതിരെ മറയില്ലാതെ അഭിഭാഷകർ
ലാലുവിനു വേണ്ടി ഹാജരായ കപിൽ സിബലും ദേവർഷി മണ്ഡലും കേന്ദ്ര അന്വേഷണ ഏജൻസിയുടെ മെല്ലപ്പോക്ക് അക്കമിട്ട് നിരത്തി. കഴിഞ്ഞ തവണ ശിക്ഷാ കാലാവധിയെക്കുറിച്ച് പറഞ്ഞ് കേസ് വെറുതെ വലിച്ചു നീട്ടിയ സിബിഐ അഭിഭാഷകൻ ഇത്തവണ സത്യവാങ്മൂല്യത്തിനായി സമയം നീട്ടിച്ചോദിക്കുകയാണെന്നായിരുന്നു കപിൽ സിബലിന്റെ വാദം. ജയിലിൽ കിടന്ന ദിവസങ്ങൾ കണക്ക് കൂട്ടാൻ 3 മാസം ചോദിച്ചവർ ഇത്തവണ മറുപടിക്കായി 2 മാസം കൂടി ചോദിച്ചില്ലെങ്കിലെ അദ്ഭുതമുള്ളൂവെന്ന സിബലിന്റെ പരാമർശം കോടതിയിൽ ചിരി പടർത്തി. മാസങ്ങളെടുത്ത് കണക്ക് കൂട്ടിയവർ മറ്റു ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്നായിരുന്നു ലാലുവിന്റെ അഭിഭാഷകരുടെ പ്രധാന ആരോപണം.
ലാലുവിന്റെ ജയിൽവാസവും പ്രായവും പ്രത്യേകം ചോദിച്ചറിഞ്ഞ ഹൈക്കോടതി ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഉണ്ടെങ്കിൽ പുതിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സമർപ്പിക്കാൻ അഭിഭാഷകനോട് നിർദേശിച്ചു. ഡൽഹി എയിംസിലേക്ക് ചികിത്സയിൽ കഴിയുന്ന ലാലുവിന്റെ ആരോഗ്യസ്ഥിതി കോടതി പ്രത്യേകം ആരാഞ്ഞു. കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2017 ഡിസംബർ 23 മുതൽ ബിഹാർ മുൻമുഖ്യമന്ത്രി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
വെവ്വേറെ ശിക്ഷാ കാലാവധി ഇത്തവണ പരിഗണിച്ചേക്കും
ദുംക ട്രഷറി കേസിൽ പ്രത്യേക സിബിെഎ കോടതി ലാലു പ്രസാദ് കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെത്തുടർന്ന് അഴിമതി, വ്യാജരേഖ ചമയ്ക്കൽ വകുപ്പികളിലായി 7 വർഷം വീതം ശിക്ഷ വിധിച്ചിരുന്നു. 2 ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്ന സിബിഐ സ്പെഷൽ ജഡ്ജി യുടെ വിധി ഹൈക്കോടതി 16ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അടുത്ത പ്രാവശ്യം ജാമ്യഹർജി നൽകുമ്പോൾ വിശദമായി വിലയിരുത്താമെന്ന് ഹൈക്കോടതി വാക്കാൽ റൂൾ ചെയ്തിരുന്നു.
ദുംക കേസിൽ കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലാലു ജാമ്യാപേക്ഷ നൽകിയത്. 1995ഡിസംബർ മുതൽ 96 ജനുവരി വരെ കാലിത്തീറ്റ വിതരണം ചെയ്തുവെന്ന് കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കി ഡുംക ട്രഷറിയിൽ നിന്ന് 3.76 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരെയുള്ള കാലിത്തീറ്റ അഴിമതിക്കേസ്.
വലിയ കേസ് വിചാരണ അവസാന ഘട്ടത്തിൽ
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ ലാലുവിനെതിരെ 5 കേസുകളും ബിഹാറിൽ ഒരു കേസുമാണ് ഉള്ളത്. ജാർഖണ്ഡിലെ 4 കേസുകളിൽ സിബിഐ സ്പെഷൽ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. ചായിബാസ (37 കോടി), ഡിയോഹർ (89.27 ലക്ഷം), ചായിബാസ (3.61കോടി) ട്രഷറി ക്രമക്കേടുകളിൽ ജാമ്യം കിട്ടിയ ലാലുവിനു ഡുംക കേസിൽ കൂടി വിധി അനുകൂലമായാൽ പുറത്തിറങ്ങാം. സിബിഐ ഫയൽ ചെയ്ത അഞ്ചാമത്തെതും ഏറ്റവും വലിയ കേസുമായ 139 കോടിയുടെ ഡൊറാന്റ ട്രഷറി ക്രമക്കേടിൽ റാഞ്ചി സ്പെഷൽ കോടതിയിൽ വിചാരണ അവസാന ഘട്ടത്തിലെത്തി. ഭഗൽപുർ ട്രഷറി (46.98 ലക്ഷം) ക്രമക്കേടിൽ പട്ന സിബിെഎ സ്പെഷൽ കോടതി വിചാരണ അന്തിമ ഘട്ടത്തിലെത്തി. പട്ന കോടതി എയിംസിൽ കഴിയുന്ന ലാലുവിനെ വിഡിയോ കോൺഫറൻസിലൂടെ വിസ്തരിച്ചിരുന്നു.
English Summary: Lalu Prasad Yadav may released from Jail