കോവിഡിൽ തകർന്ന് ഓഹരിവിപണി; സെൻസെക്‌സ് 1,708 പോയന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു
Mail This Article
കൊച്ചി∙ വീണ്ടും കോവിഡ് ഭീതി പിടിമുറുക്കിയതോടെ ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ വിപണിയിൽ തകർച്ചയായിരുന്നു. സെൻസെക്‌സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്‌സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വിൽപ്പന സമ്മർദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത്. ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത് ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.
ഇന്ന് വിപണിയിൽ മിക്ക സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിച്ചത്. ഫാർമ സെക്ടറിൽ മാത്രമാണ് ഇന്ന് അൽപമെങ്കിലും പോസിറ്റീവ് പ്രവണത. ഫാർമ ഇൻഡെക്സിൽ ഇന്ന് രണ്ടു ശതമാനത്തിന്റെ നേട്ടമുണ്ട്. ഓട്ടോ, ബാങ്കിങ്, കാപിറ്റൽ ഗുഡ്സ് എനർജി സെഗ്മെന്റിൽ നാലു ശതമാനത്തിനു മുകളിൽ നഷ്ടമാണ്. മധ്യനിര ഓഹരികളുടെ സൂചികയിൽ നാലു ശതമാനത്തിന്റെ ഇടിവുണ്ട്. ബാങ്കിങ് സെക്ടറിൽ പ്രധാനമായി പിഎസ്‍യു ബാങ്കുകൾക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, കാനറ ബാങ്ക് തുടങ്ങിയവയെല്ലാം കനത്ത നഷ്ടത്തിലാണ്.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിച്ചു വരുന്നതാണ് വിപണിയിൽ പെട്ടെന്നുള്ള സെന്റിമെന്റ് മാറ്റത്തിനു കാരണം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഉയർന്ന കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 1.32 ലക്ഷം കേസുകളിൽ നിന്നു വള്ളിയാഴ്ച ആയപ്പോൾ ശനിയാഴ്ച 1.45 ലക്ഷത്തിൽ എത്തിയപ്പോൾ ശനിയാഴ്ച 1.52 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒരു സമ്പൂർണ ലോക്ഡൗൺ ഉണ്ടായേക്കാം എന്ന ആശങ്കയും വിപണിയിലെ സമ്മർദത്തിനു കാരണമായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഏപ്രിൽ 14നുള്ള മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് വാർത്തകൾ. മഹാരാഷ്ട്ര ലോക്ഡൗൺ കൂടുതൽ ദിവസങ്ങളിലേക്കു വരുന്നത് സമ്പദ് വ്യവസ്ഥയെ ദോഷമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കനത്ത ഇടിവു കാണിക്കുന്ന ബാങ്കിങ്, ഓട്ടോ സെക്ടർ സൂചിപ്പിക്കുന്നതും ഇതാണ്. വാഹന വിപണി മാന്ദ്യം നേരിടുന്ന സമയത്ത് വീണ്ടും ഒരു ലോക്ഡൗൺ വന്നാൽ സെക്ടറിന് കാര്യമായ തിരിച്ചടിയാകും. കൂടുതൽ സെക്ടറുകളെ ബാധിക്കുമ്പോൾ ബാങ്കിങ് മേഖലയ്ക്ക് ഇത് ദോഷമാകും.
ഈ വാർത്തകൾ മാറ്റി നിർത്തിയാൽ മറ്റു ചില ഘടകങ്ങൾ കൂടി വിപണിയെ സ്വാധീനിക്കുന്നുണ്ട്. കമ്പനികളുടെ നാലാംപാദ ഫല പ്രഖ്യാപനം ഇന്നു മുതൽ പുറത്തു വരും. ടിസിഎസ് ഇന്ന് നാലാംപാദ ഫലം വിപണി സമയം അവസാനിച്ച ശേഷം പുറത്തു വിടും. ടിസിഎസിന്റെ വരുമാനത്തിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെയുള്ള വർധന പ്രതീക്ഷിക്കുന്നു. അറ്റാദായത്തിൽ ഒമ്പതു മുതൽ 10 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നുണ്ട്. വിപണി ക്ലോസ് ചെയ്ത ശേഷം മാർച്ച് മാസത്തിലെ ഉപഭോക്തൃ പണപ്പെരുപ്പ വിവരം പുറത്തു വരും. അതോടൊപ്പം വ്യാവാസായിക വളർച്ചാ നിരക്കും ഇന്നു തന്നെ പുറത്തു വരും. ഉപഭോക്തൃ പണപ്പെരുപ്പം കഴിഞ്ഞ രണ്ടുമാസങ്ങളിലും ഉയരുന്ന പ്രവണതയാണുള്ളത്. ഇത്തവണയും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
നിഫ്റ്റി അതിന്റെ പ്രധാന ലവലായ 14450നു താഴെ ക്ലോസിങ് രേഖപ്പെടുത്തിയാൽ അടുത്ത ചെറിയ സമയത്തേയ്ക്കുള്ള പിന്തുണ 14230 ലവലിലായിരിക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.
English Summary: Sensex Crashes Over 1,100 Points, Nifty Below 14,500 Dragged By Banks