പിടിവാശി തുടർന്ന് സർക്കാർ; 947 പ്രൈമറി സ്കൂളിൽ സ്ഥിരം പ്രധാനാധ്യാപകരില്ല
Mail This Article
കണ്ണൂർ ∙ ഇക്കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ 947 സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ സ്ഥിരം പ്രധാനാധ്യാപരില്ലായിരുന്നു. ഇപ്പോഴും അതേ അവസ്ഥ തുടരുന്നു. ഹൈക്കോടതി വരെ അംഗീകരിച്ച പ്രൈമറി പ്രധാനാധ്യാപക യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ വാശിയാണ് പ്രധാനാധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിനു കാരണമായി മതിയായ യോഗ്യതകളുള്ള അധ്യാപകർ പറയുന്നത്.
ഭരണകക്ഷിയുമായി ആഭിമുഖ്യമുള്ള അധ്യാപക സംഘടനകളിലെ പല അധ്യാപകർക്കും നിലവിലെ നിയമ പ്രകാരം പ്രധാനാധ്യാപകരാകാൻ മതിയായ യോഗ്യത ഇല്ലായിരുന്നു. ഉയർന്ന ശമ്പളവും പിന്നീട് പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കാൻ ഇവർക്കായി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ ശ്രമം തുടങ്ങി.
യോഗ്യത നേടിയ അധ്യാപകർ ഇതിനെ എതിർത്തു. പരിഹാരമാകാതെ പ്രശ്നം നീളുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ അതിന്റെ പ്രശ്നങ്ങൾ അത്ര രൂക്ഷമായി പുറത്തറിഞ്ഞില്ല. യോഗ്യതയുണ്ടായിരുന്ന പല അധ്യാപകരും അർഹമായിരുന്ന സ്ഥാനക്കയറ്റം ലഭിക്കാതെ മാർച്ചിൽ വിരമിച്ചു കഴിഞ്ഞു.
വകുപ്പുതല പരീക്ഷായോഗ്യതയുള്ളവരെ പ്രധാനാധ്യാപകരായി നിയമിക്കാമെന്ന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഇവരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്നു കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ അംഗങ്ങൾ പറയുന്നു.
∙ നിലപാടിൽ മലക്കം മറിഞ്ഞ് സർക്കാർ
ഈ വർഷം ഫെബ്രുവരി 16ന് സർക്കാർ ഇറക്കിയ സർക്കുലർ സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. 50 വയസ് കഴിഞ്ഞ വകുപ്പുതല പരീക്ഷ പാസ്സാകാത്ത പ്രൈമറി അധ്യാപകർക്ക് പ്രധാനാധ്യാപകരാകാം എന്നായിരുന്നു സർക്കുലർ. ഈ സർക്കുലറിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് ‘പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവു നടപ്പിലാക്കാതെ മാറ്റി വച്ചിരിക്കുകയാണ്’ എന്ന് സർക്കാർ നിലപാടറിയിച്ചത്.
അയോഗ്യരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അതിനെ മറി കടന്നാണ് ഉത്തരവിറക്കാൻ പലതവണ സർക്കാർ ശ്രമിച്ചത്. കോടതിയിൽ നിന്നു തിരിച്ചടി ഉറപ്പായതോടെ രംഗം തണുപ്പിക്കാനുള്ള സർക്കാരിന്റെ അടവായാണു പല അധ്യാപകരും ഇതിനെ കാണുന്നത്.
∙ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് വേണ്ട യോഗ്യത
12 വർഷത്തെ അധ്യാപന പരിചയം, വകുപ്പുതല യോഗ്യതാ പരീക്ഷാവിജയം, അക്കൗണ്ട് ടെസ്റ്റ് ലോവർ
∙നാൾവഴി
∙ 1978 – പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഉൾപ്പെടുത്തി(അക്കൗണ്ട് ടെസ്റ്റ് ലോവർ നിർബന്ധം, അന്നത്തെ പ്രധാനാധ്യാപകർക്ക് മാത്രം ഇളവ്, പുതിയ ആളുകൾക്ക് 2 വർഷം ഇളവ്)
∙ 1986 – വീണ്ടും ഇളവനുവദിച്ചത് ചോദ്യം ചെയ്തത് കോടതിയിലെത്തി. അയോഗ്യരെ തരം താഴ്ത്തി യോഗ്യരായവരെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്
∙ 1988 – യോഗ്യത നേടാത്ത പ്രധാനാധ്യാപകർക്ക് മേഴ്സി ചാൻസ്, പാസാകാത്ത 400 പേരെ തരംതാഴ്ത്തി
– റിവേർട്ട് ചെയ്തവരെ രക്ഷിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി 25 വർഷം സർവീസോ 50 വയസ്സോ പൂർത്തിയായവർക്ക് സ്ഥിരമായി ഇളവ് അനുവദിച്ചു. പക്ഷേ യോഗ്യത നേടിയവർ ആ സ്കൂളിൽ ഉണ്ടെങ്കിൽ അവരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കരുത് എന്ന നിബന്ധനയും ഉണ്ടായിരുന്നു.
∙ 2009 – കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം
∙ 2011 – സംസ്ഥാനം 2011ൽ പാസാക്കിയ സ്പെഷൽ റൂൾസിലാണു പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ യോഗ്യത സംബന്ധിച്ച മാർഗനിർദേശങ്ങളുള്ളത്. ഇതുപ്രകാരം 12 വർഷം സേവന കാലാവധിയുള്ള, പിഎസ്‌സി നടത്തുന്ന വകുപ്പുതല ലോവർ അല്ലെങ്കിൽ ഹയർ പരീക്ഷ ജയിച്ചവരെയാണു സ്ഥാനക്കയറ്റത്തിനു പരിഗണിച്ചിരുന്നത്. യോഗ്യതകൾ നേടാൻ 3 വർഷം സാവകാശവും അനുവദിച്ചു.
∙ 2013–14 – എയ്ഡഡ് വിദ്യാലയങ്ങളിൽ യോഗ്യത നേടിയവരെ പ്രധാനാധ്യാപകരാക്കാൻ സർക്കാർ ഉത്തരവ്. സംഘടനാ നേതാക്കൾ രംഗത്ത്. 50 വയസ് കഴിഞ്ഞവർക്ക് ഇളവു നേടി ഉത്തരവിറക്കി.
∙ 2014 – ഹൈക്കോടതിയിൽ കേസ്, എന്നാൽ യോഗ്യത കൃത്യമായി നിർണയിച്ചിട്ടില്ലെന്ന് പറഞ്ഞു തള്ളി
∙ 2018 – കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ കേസ്, യോഗ്യതകൾ നിർണയിച്ച് ഉത്തരവ്
– യോഗ്യത നിർണയിച്ച അന്നു മുതൽ 3 വർഷം ഇളവ് ഉണ്ടെന്ന് വീണ്ടും കേസ്
∙ 2019 – യോഗ്യതാപരീക്ഷ പാസായവരെത്തന്നെ നിയമിക്കണമെന്നു ജനുവരിയിൽ ഹൈക്കോടതി ഉത്തരവ്. തുടർന്നു ചിലരെ തരംതാഴ്ത്തേണ്ടി വരുമെന്നു വ്യക്തമായതോടെയാണു തസ്തിക ഒഴിച്ചിട്ടു തുടങ്ങിയത്.
∙ 2020 ജൂൺ–സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ െപ്രെമറി തലത്തിൽ ഹെഡ്‌മാസ്റ്റർ നിയമനത്തിനു ചട്ടപ്രകാരമുള്ള യോഗ്യതാ പരീക്ഷകൾ ജയിച്ച അധ്യാപകരെ മാത്രമേ പരിഗണിക്കാവൂ എന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു.
∙2020 ജൂൺ–യോഗ്യതയില്ലാതെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരായവരെ തരം താഴ്ത്തണമെന്ന കാര്യത്തിൽ സുപ്രീം കോടതി ഓഗസ്റ്റിൽ വിശദമായ വാദം കേൾക്കും. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല.
∙2020 ഡിസംബർ–50 വയസ്സിനു മുകളിൽ പ്രായമുള്ള പ്രൈമറി സ്കൂൾ അധ്യാപകർക്കു വകുപ്പുതല പരീക്ഷ കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള ചട്ടം ഉൾപ്പെടുത്തി വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ഭേദഗതി ചെയ്തു. പ്രൈമറി സ്കൂൾ പ്രധാനാധ്യാപക യോഗ്യത പരാമർശിക്കുന്ന ചട്ടം 18(1)ൽ ഭേദഗതി വരുത്തി 23ന് ആണ് ഉത്തരവ്.
∙2021 ജനുവരി–യോഗ്യതയിൽ ഇളവു വരുത്തിയ ചട്ട ഭേദഗതിയിൽ വീണ്ടും തിരുത്ത്. ഡിസംബർ 23ന് പുറത്തിറക്കിയ ചട്ട ഭേദഗതിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നൽകിയിരുന്നു. ഇതിനിടയിലാണ് ഇതിൽ വീണ്ടും തിരുത്തു വരുത്തി പുതിയ ഭേദഗതി പുറത്തിറക്കിയത്. സ്റ്റേ നിലനിൽക്കുന്ന വിജ്ഞാപനത്തിലെ അതേ വിഷയത്തിൽ അതേ ഉദ്ദേശ്യത്തോടെ വീണ്ടും വിജ്ഞാപനമിറക്കുന്നത് ചട്ട ലംഘനമാണെന്നാണ് പരാതിക്കാരുടെ വാദം.
∙ 2021 ജനുവരി – യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ചു പ്രൈമറി സ്കൂൾ പ്രധാനാധ്യാപക നിയമനത്തിന് സംസ്ഥാന സർക്കാരിന്റെ സർക്കുലർ. 50 വയസ്സു പിന്നിട്ടവർക്ക് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളിലും ഇളവനുവദിച്ചു ജനുവരി 5ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തെ സാധൂകരിക്കുന്ന സർക്കുലറാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സർക്കാർ അനുകൂല അധ്യാപക സംഘടനാ ഭാരവാഹികളിൽ ചിലർ മാർച്ചിൽ വിരമിക്കുന്നുണ്ട്. ഇവർക്കു വർധിച്ച നിരക്കിൽ ശമ്പള, പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാനാണു തിടുക്കത്തിലുള്ള നീക്കം.
∙2021 ഫെബ്രുവരി – യോഗ്യതകളില്ലാത്തവരെയും ഉൾപ്പെടുത്തി താൽക്കാലിക മുൻഗണനാ പട്ടിക കണ്ണൂരിൽ പുറത്തിറക്കി. പട്ടികയിൽ പരാതികളുണ്ടെങ്കിൽ അറിയിക്കേണ്ട അവസാന തീയതിയായി ആദ്യം രേഖപ്പെടുത്തിയത് അതേ ദിവസം തന്നെ. പിന്നീട് ഇതു തിരുത്തി. പട്ടികയിലെ ആദ്യ 20 പേരിൽ 15 പേരും യോഗ്യതാ മാനദണ്ഡങ്ങൾ ഇല്ലാത്തവരാണ്.
∙ 2021 ഫെബ്രുവരി – പൊതുവിദ്യാഭ്യാസ സെക്രട്ടറി 16നു പുറത്തിറക്കിയ സർക്കുലർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സർക്കുലർ അനുസരിച്ച് ചില ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തി താൽക്കാലിക മുൻഗണനാപട്ടിക പുറത്തിറക്കിയിരുന്നു.
∙ 2021 ഏപ്രിൽ – കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ ‘പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവ് നടപ്പിലാക്കാതെ മാറ്റി വച്ചിരിക്കുകയാണ്’ എന്ന് സർക്കാർ നിലപാട്.
Content Highlights: 947 Primary Schools, Kerala Education, Permanent Head Master Post, HeadMistress, Teacher Appointment