ബന്ധുനിയമനത്തിൽ തുല്യപങ്ക്; മുഖ്യമന്ത്രിയും രാജിവയ്ക്കണം: കെ.സുരേന്ദ്രൻ
Mail This Article
കോഴിക്കോട്∙ കെ.ടി. ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിംഗ്‌ളർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാൽ പിടിക്കപ്പെടുമ്പോൾ എനിക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളത്.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവെച്ചതു കൊണ്ടു മാത്രം രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
Content Highlights: BJP responds to KT Jaleel's resignation