ADVERTISEMENT

ന്യൂഡൽഹി∙ റഷ്യയുടെ സ്പുട്നിക് V വാക്സീൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി ഇന്നലെ ശുപാർശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. ഡിസിജിഐ അനുമതി ലഭിച്ചതോടെ വാക്സീൻ ഉപയോഗിക്കാം.

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനായി മാറും സ്‌പുട്നിക് V. ഓക്സ്ഫഡ്–അസ്ട്രാസെനക വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സീൻ എന്നീ വാക്സീനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. സ്പുടിനിക് വാക്സീൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയിൽ സ്പു‌ട്നിക് വാക്സീൻ നിർമിക്കുന്ന ഡോ റെഡ്ഡീസ് ലാബറട്ടറീസിന്റെ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധ സമിതി വാക്സീന്റെ സാധ്യത പരിശോധിച്ചത്. ഫെബ്രുവരി 19നാണ് ഡോ. റെഡ്ഡീസ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ക്ലിനിക്കൽ പരിശോധന മൂന്നാം ഘട്ടത്തിലെത്തിയ സമയത്തായിരുന്നു അത്. വാക്സീന്റെ പ്രവർത്തനം എങ്ങനെയാണെന്നു വിശദീകരിക്കാൻ വിദഗ്ധ സമിതി ഏപ്രിൽ ഒന്നിന് ഡോ. റെഡ്ഡീസിനോട് ആവശ്യപ്പെട്ടിരുന്നു.

18നും 99ഉം ഇടയിൽ പ്രായമുള്ള 1600 പേരിലാണ് ഇതുവരെ സ്പുട്നിക് V ഇന്ത്യയിലെ പരീക്ഷണം നടത്തിയത്. യുഎഇ, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലും സ്പുട്നിക് പരീക്ഷണം നടത്തുന്നുണ്ട്. ഗമലയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് സ്പുട്നിക് V വാക്സീൻ വികസിപ്പിച്ചത്. രണ്ട് ഡോ‍സ് വാക്സീന് രാജ്യാന്തര വിപണിയിൽ 10 ഡോളറിലും താഴെയാണു വില.

റഷ്യയിൽനിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. റഷ്യയിൽ 19,866 പേരിൽ പരീക്ഷിച്ച വാക്സീന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ രണ്ട് പുതിയ വാക്സീൻ കൂടി ഇന്ത്യയിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു

English Summary: Drug Controller General of India (DCGI) has approved the use of the Russian Sputnik V vaccine against coronavirus in the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com