ഷാജിയുടെ വീട്ടിൽ നിന്ന് വിദേശ കറന്‍സി പിടിച്ചു: 60 പവൻ സ്വർണവും കണ്ടെത്തി
Mail This Article
കോഴിക്കോട്∙ കെ.എം. ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് കോഴിക്കോട് വിജിലന്‍സ് കോടതി 23ലേക്ക് മാറ്റി. ഷാജിയുടെ വീടുകളിലെ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും. കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നു 50 ലക്ഷം രൂപ വിജിലന്‍സ് ഇന്നലെ പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സിയും പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന് സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണെന്ന് കെ.എം ഷാജി ആരോപിച്ചു.
ഇന്നലെ രാവിലെ 7ന് ആരംഭിച്ച വിജിലന്‍സ് പരിശോധന അവസാനിച്ചത് രാത്രി പതിനൊന്നേകാലോടെയാണ്. ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് കെ.എം. ഷാജി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി പകപോക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് അഴിഞ്ഞാടിയത്. തിരഞ്ഞെടുപ്പുകഴിഞ്ഞതിനാല് കൃത്യമായി പണമുണ്ടാകുമെന്ന വിവരം വിജിലന്‍സിനു ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുക്കല്‍ നാടകത്തിന് വിജിലന്‍സ് എത്തിയത്. ഈ പണത്തിന് കൃത്യമായ രേഖകളുണ്ട്. അത് കോടതിയില്‍ അറിയിക്കാന്‍ തയാറാണ്.
എന്നാല്‍ കണ്ണൂരില്‍ നിന്നു പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ എംഎല്‍എ തയാറായില്ല. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കെ.എം ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.
Content Highlights: Vigilance court on KM Shaji's case