ഇസ്രയേലിന് മറുപടിയുമായി ഇറാൻ; യുറേനിയം സമ്പുഷ്ടീകരണം 60% വർധിപ്പിക്കും
Mail This Article
ടെഹ്റാൻ∙ ഇസ്രയേൽ ഭീകരതയ്ക്കുള്ള മറുപടിയാണ് യുറേനിയം സമ്പുഷ്ടീകരണം 60% വർധിപ്പിക്കാനുള്ള തീരുമാനമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനിലെ നടാൻസ് ആണവകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടാൻസിൽ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കും. അതാണ് നിങ്ങളുടെ ദ്രോഹത്തിനുള്ള മറുപടി. ആണവഭീകരതയാണ് നിങ്ങൾ നടത്തിയത്. ഞങ്ങൾ ചെയ്യുന്നത് നിയമപരമാണെന്നും റൂഹാനി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി നടാൻസ് ആണവകേന്ദ്രത്തിലെ വൈദ്യുതി നിലച്ചത്. 50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ഇസ്രയേലിൽനിന്നുള്ള സൈബർ ആക്രമണത്തെ തുടർന്നാണ് നടാൻസ് ഇരുട്ടിലായതെന്ന് ആരോപണമുയർന്നിരുന്നു.
ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവ നിലയമാണ് നടാൻസ്. കഴിഞ്ഞ ജൂലൈയിൽ ഇവിടെ സംശയാസ്പദമായ സ്ഫോടനവും ഉണ്ടായിയിരുന്നു.
English Summary: Iran Says 60% Uranium Enrichment Response To Israel's "Nuclear Terrorism"