ADVERTISEMENT

തിരുവനന്തപുരം ∙ സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.

വിഷുവിനു പ്രധാനം കണിയും കൈനീട്ടവും സദ്യയും തന്നെ. വീടുകളിലെ മുതിർന്നവർ കണികണ്ട ശേഷം കൈനീട്ടം നൽകും. ക്ഷേത്രങ്ങളിൽ വിഷുക്കണിക്കും കൈനീട്ടത്തിനും തിരക്കേറും. വിഷുവിനു ചെയ്യുന്ന കാര്യങ്ങൾ അടുത്ത ഒരു വർഷം നല്ല ഫലം തരുന്നതായും കണി കണ്ടാൽ ഐശ്വര്യം കിട്ടും എന്നുമാണു സങ്കൽപം. വിളവെടുപ്പിന്റെ ഉത്സവകാലം കൂടിയാണ് വിഷു. 

Vishu

മേടമാസമടുത്താല്‍ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ പറിക്കുന്ന തിരക്കിലായിരിക്കും കുട്ടികളും മുതിര്‍ന്നവരും. കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി.

Vishu-6-JPG
ഹായ് വിഷുക്കണി ....! ഇന്ന് വിഷു. കൊന്നപ്പൂനിറമുള്ള പ്രതീക്ഷകളോടെ, വിഷുപ്പക്ഷിയുടെ പാട്ടുകേട്ട് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഒരു വർഷം കണികണ്ടുണരാം. ചിത്രം: മനോജ് ചേമഞ്ചേരി. മനോരമ

കൃഷ്ണവിഗ്രഹത്തിനടുത്തേക്ക് നടക്കുമ്പോള്‍ ഒാട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വര്‍ഷം മുഴുവന്‍ എന്ന പ്രാർഥനയാണ്. വാല്‍ക്കണ്ണാടിയിലൂടെ കാണുന്ന താന്‍ തന്നെയാണ് നിധിയും കണിയും എന്ന തിരിച്ചറിവായിരിക്കും ഹൃദയം നിറയെ. കണി കണ്ട് കൈനീട്ടം വാങ്ങി മനം നിറഞ്ഞാല്‍ പിന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. നല്ല നാളെയെന്ന പ്രതീക്ഷയുമായി പൂത്തിരികള്‍ തെളിയുന്നത് മനസുകളിലാണ്. ആഘോഷങ്ങള്‍ അലയടിക്കുന്നത് ഹൃദയങ്ങളിലും.

Vishu-2-JPG
പൂത്തുലഞ്ഞ് വിഷുക്കാലം... വിഷുക്കണിയൊരുക്കാൻ കണിക്കൊന്നപ്പൂക്കൾ പറിക്കുന്ന കുട്ടികൾ. അമ്പലപ്പുഴയിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ

പണ്ടുകാലത്തെ വിഷുക്കണി വിഭവങ്ങൾ: കൃഷ്ണവിഗ്രഹം, നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, സ്വർണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം,വാൽക്കണ്ണാടി, കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വർണം, കുങ്കുമം, കണ്മഷി, വെറ്റില, അടയ്ക്ക, ഓട്ടുകിണ്ടി, വെള്ളം എന്നിവയാണു ഒരുക്കേണ്ടത്. 

Vishu-3-JPG
പൊൻവിഷുപ്പുലരി... പൊൻനിറമുള്ള കൊന്നപ്പൂക്കളും സമൃദ്ധിയുടെ കാർഷികവിഭവങ്ങളും പ്രതീക്ഷയുടെ നിറതിരിയും കണിയായി മുന്നിൽ തെളിയുന്ന പുലരി ഒരു പുണ്യമാണ്. പൊൻകണിയും വിഷുക്കോടിയുമായി ഈ മഹാമാരിക്കാലത്തും പ്രതിസന്ധികളെ തരണം ചെയ്തു മലയാളികൾ വിഷു ആഘോഷിക്കുന്നു ഇന്ന്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

വിഷുക്കണി ഒരുക്കുന്നതിലും ചിട്ടവട്ടങ്ങളുണ്ട്: തേച്ചു വൃത്തിയാക്കിയ നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറച്ചു ഇതിൽ നാളികേരമുറി വയ്ക്കണം. ഇതിനൊപ്പം കണിവെള്ളരിയും ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയും വയ്ക്കണം. ഇതിൽ ചക്ക ഗണപതിക്കും മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ശ്രീകൃഷ്ണനും ഉള്ളതാണ്. ഭഗവതിയുടെ സ്ഥാനത്താണ് വാൽക്കണ്ണാടി.

Vishu-4-JPG

കൃഷ്‌ണവിഗ്രഹം വാൽക്കണ്ണാടിക്ക് അടുത്താവണം. താലത്തിൽ കോടിമുണ്ട്, ഗ്രന്ഥം, നാണയത്തുട്ടുകൾ, സ്വർണം, കുങ്കുമച്ചെപ്പ്, കണ്മഷി എന്നിവ വയ്‌ക്കണം. ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽ തൊട്ടതിനു ശേഷമാണു കണി കാണേണ്ടതെന്നും പഴമക്കാർ പറയുന്നു.

Vishu-8-JPG
കൺനിറയെ പൊൻക്കണി... നിലവിളക്കിന്റെ നിറവെളിച്ചവും കൊന്നപ്പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും പൊൻപുലരിയിലേക്ക് മിഴി തുറക്കുന്ന വിഷു, ഇന്ന്. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

നെടുവീർപ്പുകളുടെ ഒരാണ്ടു കഴിഞ്ഞു പ്രത്യാശയുടെ വെളിച്ചവുമായി പുതിയൊരാണ്ടിന്റെ പിറവി. പുത്തനാണ്ടിന് ഐശ്വര്യമേകാൻ കണിയായി ഒരുക്കുന്നതോ പ്രകൃതിയിലെ വിഭവങ്ങൾ തന്നെ. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം... കൂടുതൽ വായനയ്ക്ക്...

മിക്ക ക്ഷേത്രങ്ങളിലും വിഷുവിന് കണിയൊരുക്കും. എങ്കിലും ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ് ....കൂടുതൽ വായനയ്ക്ക്...

കണിയൊരുക്കാൻ കൊന്നപ്പൂക്കൾ ശേഖരിച്ചു തൊടിയിലൂടെ നടക്കുമ്പോഴും ആരെങ്കിലും ഓർക്കാറുണ്ടോ കണിക്കൊന്നയ്‌ക്കു കണ്ണനുമായുളള ബന്ധം?...കൂടുതൽ വായനയ്ക്ക്...

വിഷുക്കണി കണ്ട ശേഷം രുചിയോടെ വിളമ്പാം അവൽ അട....പാചകക്കുറിപ്പ്....

English Summary: History, significance and celebrations of Vishu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com