ഒന്നിലേറെ നായ്ക്കള്‍; വാതിലും ജനലും തകര്‍ത്തില്ല; ‘അമ്പരപ്പിച്ച’ മോഷണം
Mail This Article
തിരുവനന്തപുരം∙ ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിൽ നടന്ന മോഷണം വൻ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മറികടന്ന്. കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് വീട്. വീടിന്റെ വാതിലോ ജനലോ മോഷ്ടാവ് തകര്‍ത്തിട്ടില്ല. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളില്‍ കയറി ജ്വല്ലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. വീടിനു പിന്‍വശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോര്‍വഴി മോഷ്ടാവ് അകത്തു കടന്നെന്നാണ് കരുതുന്നത്.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു.
ഗോവിന്ദന്റെ മകള്‍ക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ്‌ലെറ്റും മോതിരവും കമ്മലുമാണ് കവര്‍ന്നത്. രാജ്ഭവന് സമീപമുള്ള സുരക്ഷാ മേഖലയില്‍ ഉയര്‍ന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ന്‍ ഉള്‍പ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടില്‍ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നു.
English Summary: Robbery at Bhima Jewellers owner house - follow up