വിഷുക്കണി ദർശിച്ച് അയ്യപ്പന്മാർ മലയിറങ്ങി
Mail This Article
ശബരിമല∙ അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ കാഴ്ചക്കുലകളും കണിവെള്ളരിയും ഫലധാന്യങ്ങളും നാണയങ്ങളും പഴങ്ങളും പൊൻ കിങ്ങിണി ചാർത്തിയ കൊന്നപ്പൂക്കളും ചേർത്ത് ഒരുക്കിയ വിഷുക്കണി ദർശനം ഭക്തർക്ക് അനുഗ്രഹവർഷത്തിന്റെ പൊൻകിരണമായി. ഐശ്വര്യ സമൃദ്ധിക്കായുള്ള അയ്യപ്പ ദർശനത്തിന്റെ പുണ്യം ഹൃദയത്തിൽ ഏറ്റുവാങ്ങി കൈനീട്ടവും വാങ്ങി അയ്യപ്പന്മാർ മലയിറങ്ങി.
പുലർച്ചെ 4.30ന് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം അയ്യപ്പനെ കണികാണിച്ചു. പിന്നീട് സന്നിധാനത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ദർശനത്തിന് അവസരം നൽകി. അതിനു ശേഷമാണ് ഭക്തരെ കടത്തിവിട്ടത്. കോവിഡിന്റെ രണ്ടാം വരവ് ഉയർത്തിയ ഭീഷണിയിൽ കടുത്ത നിയന്ത്രണം ഉണ്ടെങ്കിലും പുലർച്ചെ വിഷുക്കണി കണ്ടുതൊഴാൻ പറ്റുന്ന വിധത്തിലാണ് ഭക്തരെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്നു കടത്തിവിട്ടത്.
പുലർച്ചെ നട തുറന്നപ്പോഴേക്കും തീർഥാടകർ മലകയറി എത്തി തുടങ്ങി. തിക്കും തിരക്കും ഉണ്ടാക്കാതെ പൊലീസ് അവരെ നിയന്ത്രിച്ചു. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.
English Summary: Vishu Kani Darshanam at Sabarimala